• Thu. Aug 21st, 2025

24×7 Live News

Apdin News

ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതല്‍; 52 രാജ്യങ്ങളില്‍നിന്നുള്ള 331 സിനിമകള്‍ – Chandrika Daily

Byadmin

Aug 21, 2025


തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും.

ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ആരംഭിക്കും. മല്‍സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രാകേഷ് ശര്‍മ്മയുടെ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗല്‍, ഷാജി എന്‍. കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.
27ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ൃലഴശേെൃമശേീി.ശളളസ.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.



By admin