മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് ഒരുക്കിയ എമ്പുരാന്‍ ചിത്രത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം പ്രതികരിച്ചു.
സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണെന്നും ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണെന്നും എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
സിനിമ തിയേറ്ററിലേക്ക് എത്തിയതിനു പിന്നാലെ വ്യാപക പ്രതിഷേധവും സൈബര്‍ ആക്രമണവുമാണ് മോഹന്‍ലാലിനെതിരെയും പ്രിഥ്വിരാജിനെതിരെയും ഉയരുന്നത്. സിനിമയ്‌ക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തുവന്നിരുന്നു. സിനിമ ബഹിഷ്‌കരിക്കാനു ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുഖപത്രത്തിലും സിനിമയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ സിനിമയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്യാനു പുതിയ പതിപ്പ് അടുത്തയാഴ്ച ഇറങ്ങാനും തീരുമാനമായിരുന്നു.
വി ഡി സതീശന്റെ ഫേസബുക്ക് കുറിപ്പ്:
സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.
സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുത്.
എമ്പുരാനൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം.