ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷനായ ഫിഡെ പുറത്തുവിട്ട ചെസ് താരങ്ങളുടെ ലോക റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്ത് റാങ്കില്‍ ഇടം പിടിക്കാന്‍ ലോക ചെസ് ചാമ്പ്യന്‍ ഗുകേഷിനായില്ല. 2024 ഡിസംബറില്‍ സിംഗപ്പൂരില്‍ ലോക കിരീടം നേടിയതിന് ശേഷം തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ് ഗുകേഷ്. ഇതോടെ ഗുകേഷിന്റെ റാങ്കിംഗ് ഏഴില്‍ നിന്നും 11 ആയി താഴ്ന്നു.
അര്‍ജുന്‍ എരിഗെയ്സിയ്‌ക്കാണ് നാലാം റാങ്ക്. അതിനാല്‍ ഏറ്റവും റാങ്കും റേറ്റിംഗും കൂടിയ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് അര്‍ജുന്‍ എരിഗെയ്സി. 2773 ആണ് അര്‍ജുന്‍ എരിഗെയ്സിയുടെ റേറ്റിംഗ്.
നേരത്തെ നാലാം സ്ഥാനത്തുണ്ടായിരുന്ന പ്രജ്ഞാനന്ദ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2771 ആണ് പ്രജ്ഞാനന്ദയുടെ റേറ്റിംഗ്.
ആദ്യ പത്ത് റാങ്കുകളില്‍ ഇല്ലാതിരുന്ന ഡച്ച് താരം അനീഷ് ഗിരി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈയിടെ നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായതോടെയാണ് അനീഷ് ഗിരിയുടെ റാങ്കിംഗ് ഉയര്‍ന്നത്.
ഇന്ത്യയിലെ ഫിഡെ റാങ്കിംഗില്‍ അര്‍ജുന്‍ എരിഗെയ്സി ഒന്നാമന്‍
ഇന്ത്യയിലെ ഫിഡെ റാങ്കിംഗില്‍ അര്‍ജുന്‍ എരിഗെയ്സിയാണ് ഒന്നാമത്. പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത് എത്തി. ഗുകേഷ് മൂന്നാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഗുകേഷിന്റെ റേറ്റിംഗ് 2752 മാത്രമാണ്.
ആനന്ദ് വിശ്വനാഥ് (നാലാം റാങ്ക്), വിദിത് ഗുജറാത്തി (അഞ്ചാം റാങ്ക്), അരവിന്ദ് ചിതംബരം (ആറാം റാങ്ക്), നിഹാല്‍ സരിന്‍ (ഏഴാം റാങ്ക്), പെന്‍റല ഹരികൃഷ്ണ (എട്ടാം റാങ്ക്), കാര്‍തികേയന്‍ മുരളി (ഒമ്പതാം റാങ്ക്), പ്രണവ് വി (പത്താം റാങ്ക്) എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ റാങ്കുകള്‍.