• Tue. Mar 24th, 2026

24×7 Live News

Apdin News

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Byadmin

Mar 24, 2026


കൊച്ചി: അടുത്ത ഒക്‌ടോബറോടെ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് ശാഖകളുണ്ടാകുമെന്നും പ്രവര്‍ത്തനം വിപുലമാകുമെന്നും ദക്ഷിണ കേരളം സഹ പ്രാന്ത കാര്യവാഹ് കെ.ബി. ശ്രീകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ പൂര്‍ണമാകുന്നതോടെയാണ് പ്രവര്‍ത്തനം എല്ലായിടത്തുമെത്തുന്നത്. ഇപ്പോള്‍ 7000 ശാഖകളുണ്ട്. ഒക്‌ടോബറോടെ സംഘ പ്രവര്‍ത്തനമില്ലാത്തയിടങ്ങളുണ്ടാകില്ല. വളരെ വേഗമാണ് സംഘത്തിന്റെ വളര്‍ച്ച. ശാഖകളും പ്രവര്‍ത്തകരും വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. ഹരിയാന സമാല്‍ഖായിലെ ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടനാ സംവിധാനത്തിലും ഘടനാപരമായ മാറ്റമുണ്ടാകുകയാണ്. നിലവില്‍ ഉത്തര കേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായിരുന്ന രീതി മാറ്റി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സംഭാഗുകളായി പുനഃക്രമീകരിക്കും. പ്രവര്‍ത്തന സൗകര്യാര്‍ഥവും സംഘടനാ വിപുലീകരണ ഭാഗവുമായാണ് ഈ മാറ്റം.

നിലവില്‍ 65- 70 രാജ്യങ്ങളില്‍ സംഘത്തിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനമുണ്ട്. സാമാജിക പരിവര്‍ത്തനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി അഞ്ച് കാര്യങ്ങളാണ് സ്വയം സേവകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത്. കുടുംബ മൂല്യങ്ങളെ സംരക്ഷിക്കുക. ഇത് വീടുകളില്‍ നിന്ന് തുടങ്ങണം. വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്, വിവാഹ മോചന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കുടുംബ പ്രബോധനത്തിലൂടെ സാധിക്കും.

അതുപോലെ സാമൂഹ്യ സമത്വത്തിനായി ഒന്നടങ്കം പ്രവര്‍ത്തിക്കേണ്ടതുണ്ട്. സമാജവും വ്യക്തികളും ഇക്കാര്യം ഏറ്റെടുക്കണം. സ്വദേശി, സ്വാഭിമാനത്തോടെയുള്ള സ്വാശ്രയ സമ്പദ് വ്യവസ്ഥ വളര്‍ന്നുവരണം. എല്ലാ കുടുംബങ്ങളും തൊഴില്‍ശാലയാകണം. സംരംഭകരാകണം. അതില്‍ അഭിമാനം കൊള്ളണം.

പരിസ്ഥിതി വേറിട്ട ഒന്നല്ല. നമ്മുടെ പ്രാചീന സങ്കല്‍പമാണ്. പ്രകൃതിയെ കൂടെ നിര്‍ത്തി ജലസംരക്ഷണവും വൃക്ഷത്തൈ നടലും മറ്റ് ജീവജാലങ്ങള്‍ക്കു ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കുകയും ചെയ്യണം. ഇതിനായി ബോധവത്കരണം നടത്തണമെന്നും ശ്രീകുമാര്‍ പറഞ്ഞു. പുരോഗതിക്കൊപ്പം പൗരധര്‍മവും നാം അനുവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്.

ഭാരതമൊട്ടാകെ 10 കോടിയിലധികം വീടുകളില്‍ സംഘ സന്ദേശമെത്തിച്ചപ്പോള്‍ കേരളത്തില്‍ മാത്രം 22 ലക്ഷം വീടുകളില്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി. ഇതില്‍ 64,000 മുസ്ലിം കുടുംബങ്ങളും 54,000 ക്രൈസ്തവ കുടുംബങ്ങളും ഉള്‍പ്പെടുന്നു. കേരളത്തില്‍ ഇതുവരെ ഏകദേശം 1500 ഹിന്ദുസമ്മേളനങ്ങള്‍ നടന്നു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.

സംഘ ശതാബ്ദി യുവകാര്യക്രമങ്ങളുടെ ഭാഗമായി ജനുവരി 12ന് ദക്ഷിണ കേരളം പ്രാന്തത്തില്‍ 381 മണ്ഡലങ്ങളില്‍ വിവേകാനന്ദ ജയന്തി സാംഘിക്കുകള്‍ നടന്നു. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരത്തും എറണാകുളത്തുമായി സംഘടിപ്പിച്ച ബ്ലൂമിങ് ഭാരത് വൈചാരിക സംവാദ പരിപാടിയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, എസ്. ഗുരുമൂര്‍ത്തി, ശ്രീധര്‍ വെമ്പു, ഡോ. എസ്. സോമനാഥ് എന്നിവര്‍ പങ്കെടുത്തു. വേലുത്തമ്പി ദളവയുടെ നാവിക സേനാ നായകന്‍ ചെമ്പിലരയന്റെ സ്മരണകളുണര്‍ത്തി ബോള്‍ഗാട്ടി കായലില്‍ ആര്‍എസ്എസ് കൊച്ചി നഗരത്തിലെ സ്വയംസേവകരുടെ ഘോഷ് പ്രദര്‍ശനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഇതിന്റെ തുടര്‍ച്ചയായി വേലുത്തമ്പി ദളവയുടെ വീരാഹുതി സ്മരണകളുണര്‍ത്തി 27 മുതല്‍ 29 വരെ റവന്യൂ, ജില്ലാ അടിസ്ഥാനത്തില്‍ സ്വരസം (സ്വാഭിമാന്‍) എന്ന സൈക്കിള്‍ യാത്ര സംഘടിപ്പിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശനും പങ്കെടുത്തു.



By admin