ന്യൂഡൽഹി: നാല് വർഷത്തെ നിയമനടപടികൾക്ക് ഒടുവിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും തമ്മിലുള്ള പ്രശ്‌നം ഒത്തുതീർപ്പായി. മുംബൈ ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. പ്രശ്‌നങ്ങൾ പരിഹരിച്ചതായി കങ്കണയുടെ അഭിഭാഷകനായ റിസ്‌വാൻ സിദ്ദീഖിയും ജാവേദിന്റെ അഭിഭാഷകനായ ജയകുമാർ ഭരദ്വാജും പറഞ്ഞു.
ജാവേദ് അക്തറിന് എതിരായ തന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും അതുമൂലം അദ്ദേഹത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
2020ൽ ആണ് ജാവേദ് അക്തർ കങ്കണക്കെതിരെ പരാതി നൽകിയത്. നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തി എന്നായിരുന്നു ജാവേദ് അക്തറിന്റെ പരാതി.
ഇതിന് പിന്നാലെ ജാവേദ് അക്തറിനെതിരെ കങ്കണയും പരാതി നൽകി. 2016ൽ ജാവേദ് അക്തറിന്റെ വസതിയിൽ വെച്ച് സഹനടനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഭീഷണിപ്പെടുത്തി എന്നായിരുന്നു കങ്കണയുടെ ആരോപണം.