
തിരുവനന്തപുരം: നിലവിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ കൂലി ഇനത്തിലെ മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നതെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. പാര്‍ലമെന്റ് പാസാക്കിയ തൊഴിലുറപ്പ് ഭേദഗതി ബില്ലിലെ (വിബി ജി റാം ജി വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍) ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി അയച്ച കത്തിലാണ് മുഴുവന്‍ കൂലിയും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നതെന്ന് സമ്മതിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ തുക നല്‍കുന്നത് സംസ്ഥാനസര്‍ക്കാര്‍ എന്നാണ് ഏറെക്കാലമായി സിപിഎം പ്രചരിപ്പിച്ചിരുന്നത്.
നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം, കൂലി ഇനത്തിലെ മുഴുവന്‍ തുകയും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നതെന്നും പുതിയ ബില്ലില്‍ കൂലി ഇനത്തിലുള്ള കേന്ദ്ര വിഹിതം 60 ശതമാനമായി കുറയ്‌ക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം, ഈ മാറ്റം മൂലം കേരളത്തിന് മാത്രം പ്രതിവര്‍ഷം ഏകദേശം 3,500 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും കത്തിലുണ്ട്.
മഹാത്മാഗാന്ധിയുടെ പേര് ഇത്തരമൊരു പദ്ധതിയുമായി തുടര്‍ന്നും ബന്ധിപ്പിക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ ശക്തമായ അഭിപ്രായമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ബില്‍ നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കത്തില്‍ പറഞ്ഞു.