• Mon. Aug 4th, 2025

24×7 Live News

Apdin News

ഒഡീഷയിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ; എബിവിപി ജോ. സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലായി

Byadmin

Aug 4, 2025


ഭുവനേശ്വര്‍: ഒഢീഷയിലെ ബാലസോറില്‍ ഇരുപതുകാരി തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ എബിവിപി നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വിദ്യാര്‍ഥിനി പഠിച്ചിരുന്ന എഫ്എം കോളജിലെ വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ജ്യോതി പ്രകാശ് ബിസ്വാള്‍, എബിവിപി ഒഡീഷ ജോയിന്റ് സെക്രട്ടറിയാണ് രണ്ടാമനായ സുബ്ര സംബിത് നായക്. ജൂലൈ 12 നാണ് ഫക്കീര്‍ മോഹന്‍ (ഓട്ടോണമസ്) കോളജിലെ വിദ്യാര്‍ഥിനി വകുപ്പ് മേധാവിയുടെ പീഡനം ആരോപിച്ച് ജീവനൊടുക്കിയത്.

ക്യാംപസില്‍ വച്ചായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ വ്യക്തി കൂടിയാണ് ഇപ്പോള്‍ അറസ്റ്റിലായ ജ്യോതി പ്രകാശ് ബിസ്വാള്‍. കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഇയാളെ ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മേധാവി സമീറ കുമാര്‍ സാഹു, പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ച സംഭവത്തില്‍ ഒഡീഷ പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് അറസ്റ്റുകള്‍ ഉണ്ടായത്. ക്രൈം ബ്രാഞ്ചിന്റെ ക്രൈം എഗൈന്‍സ്റ്റ് വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ വിങ് (സിഎഡബ്ല്യു & സിഡബ്ല്യു) ആണ് കേസ് അന്വേഷിക്കുന്നത്.

ഫക്കീര്‍ മോഹന്‍ (ഓട്ടോണമസ്) കോളജിലെ രണ്ടാം വര്‍ഷ ബിഎഡ് വിദ്യാര്‍ഥിനിയായിരുന്ന ജീവനൊടുക്കിയ യുവതി. തന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നു എന്ന് ആരോപിച്ച് പ്രിന്‍സിപ്പലിന്റെ ചേംബറിന് പുറത്ത് വച്ച് യുവതി തീകൊളുത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഭുവനേശ്വറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ജൂലൈ 14 ന് രാത്രിയാണ് യുവതി മരിച്ചത്.

By admin