പത്തനംതിട്ട: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വാടകയ്‌ക്ക് എടുത്ത ഹെലികോപ്റ്ററുകളുടെ ഇതുവരെയുള്ള ചെലവ് 45 കോടി രൂപ. ഇതില്‍ ഇനിയും കൊടുത്ത് തീര്‍ക്കാനുള്ളത് 2.40 കോടിയുമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തിന് വന്‍ സാമ്പത്തികബാധ്യത വരുത്തുമെന്നതിനാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് വാടക ഹെലികോപ്റ്ററിനെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ കരാര്‍ പുതുക്കാനുള്ള നീക്കത്തിലാണ്. ഇത് സംബന്ധിച്ച ശിപാര്‍ശ ഡിജിപി സര്‍ക്കാറിന് കൈമാറിക്കഴിഞ്ഞു. അഞ്ച് സീറ്റുള്ള പത്ത് കോപ്റ്ററുകള്‍ വാങ്ങാനുള്ള പണമാണ് ഇടത് സര്‍ക്കാര്‍ ഇതിനകം ധൂര്‍ത്തടിച്ചതെന്ന ആരോപണവും ശക്തമാണ്.
പോലീസ് ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനത്തിനും വിവിഐപി യാത്രക്കുമെന്ന പേരിലാണ് കാര്യമായ കൂടിയാലോചനയില്ലാതെ ദല്‍ഹി ആസ്ഥാനമായ പവന്‍ ഹന്‍സ് എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് ടെണ്ടറില്ലാതെ ഹെലികോപ്റ്ററെടുത്തത്. നടപടി വിവാദമായതോടെ രണ്ടാം പിണറായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചു. ചിപ്‌സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അഞ്ച് വര്‍ഷത്തേക്ക് ടെണ്ടര്‍ നേടി. ഈ മാസം കരാര്‍ അവസാനിക്കുന്നതിനാലാണ് പുതുക്കണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവച്ചത്.
പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അധികം പറന്നാല്‍ മണിക്കൂറിന് 90,000 രൂപ വീതം നല്‍കണം. ഉയോഗിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണമെന്നാണ് കരാര്‍. എവിടെയൊക്കെ, എന്ത് ആവശ്യത്തിനാണ് ഹെലികോപ്റ്റര്‍ പറന്നതെന്ന് ഇതുവരെയും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ലഭ്യമായ വിവരം അനുസരിച്ച് ഒരിടത്തും മാവോവാദികളെ നിരീക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടില്ല. പ്രകൃതിദുരന്തങ്ങളില്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എത്ര പേരെ രക്ഷപെടുത്തി എന്നതിലും വ്യക്തതയില്ല. കൂടുതലും വിവിഐപി യാത്രകള്‍ക്കാണ് കോപ്റ്റര്‍ ഉപയോഗിച്ചത്. പിണറായി തന്നെയാണ് കൂടുതലും കോപ്റ്ററില്‍ പറന്നത്. ഏറെ ദിവസവും കോപ്റ്റര്‍ വിശ്രമത്തിലുമായിരുന്നു.
വിവരാവകാശ പ്രവര്‍ത്തകനായ കെ.എം. തോമസ് ഇത് സംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ രഹസ്യസ്വഭാവമുള്ളതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഭാരത നാവിക സേനയില്‍ നിന്ന് അവശ്യഘട്ടങ്ങളില്‍ മിതമായ ചെലവില്‍ ഹെലികോപ്റ്റര്‍ ലഭിക്കുമെന്നിരിക്കെയാണ് വന്‍ ധൂര്‍ത്തിന് ഇടതുസര്‍ക്കാര്‍ തയാറായതെന്ന കാര്യം ശ്രദ്ധേയമാണ്.