ബംഗളൂരു: കർണാടകയിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് തെളിയിക്കുമെന്ന് രാഹുൽ പറഞ്ഞു. ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന ‘നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ പോരാട്ടം’ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമായി 1,00,250 വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു. ഇരട്ട വോട്ടുകൾ, വ്യാജ അഡ്രസ്, ഒരേ അഡ്രസിൽ നിരവധി വോട്ടുകൾ ചേർക്കൽ, ഫേക്ക് ഫോട്ടോകൾ തുടങ്ങിയവ വഴിയാണ് ഇത് നടത്തിയത്. വോട്ട് മോഷണം നടന്നിട്ടുണ്ടെന്ന് 100 ശതമാനം ഉറപ്പാണ്. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ആയുധമാണ് വോട്ട്. ഈ അവകാശം സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ പോരാടും. കഴിഞ്ഞ 10 വർഷത്തെ മെഷീൻ റീഡബിൾ വോട്ടർ പട്ടികയും വീഡിയോ രേഖകളും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ സീറ്റ് ‘മോഷ്ടിക്കപ്പെട്ടു’ എന്ന് രാഹുൽ പറഞ്ഞു. പൗരന്മാർക്കെതിരായ ക്രിമിനൽ പ്രവൃത്തിയാണ് ഇത്. കർണാടക സർക്കാർ ഈ കുറ്റകൃത്യം അന്വേഷിച്ച് നടപടിയെടുക്കണം. ആയിരക്കണക്കിന് വ്യാജന്മാരെ വോട്ടർ പട്ടികയിൽ ചേർത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും മഹാദേവപുരയുടെ സത്യം പുറത്തുകൊണ്ടുവരികയും വേണം. ഇലക്ട്രോണിക് ഡാറ്റ തങ്ങൾക്ക് ലഭിച്ചാൽ, വോട്ടുകൾ മോഷ്ടിച്ചാണ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതെന്ന് തെളിയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഡാറ്റ തങ്ങൾക്ക് കൈമാറാൻ തയ്യാറാവണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
കർണാടകയിൽ, ഒന്നിലധികം സീറ്റുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് തനിക്ക് പറയാൻ കഴിയും. ഒരു സീറ്റിൽ തങ്ങൾ മോഷണം തെളിയിച്ചിട്ടുണ്ട്. കർണാടകയിൽ തങ്ങൾ 15-16 സീറ്റുകൾ നേടേണ്ടതായിരുന്നു. പക്ഷേ ഒമ്പത് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ആക്രമിക്കുകയാണ്. ഇത് ഭരണഘടനയെ ആക്രമിക്കുന്നതിന് തുല്യമാണ്. ഭരണഘടനയെ ആക്രമിച്ച് രക്ഷപ്പെടാമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഒന്നുകൂടി ചിന്തിച്ച് പ്രവർത്തിക്കണമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയിലും അട്ടമറി നടന്നതായി രാഹുൽ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സഖ്യകക്ഷികളും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ നാല് മാസങ്ങൾക്ക് ശേഷം, ബിജെപി അവിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു, അത് ഒരു അത്ഭുതകരമായ ഫലമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കോടി പുതിയ വോട്ടർമാർ മാന്ത്രികമായി പ്രത്യക്ഷപ്പെട്ടു. പുതിയ വോട്ടർമാർ എവിടെയായിരുന്നാലും ബിജെപി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന് ഈ അട്ടിമറിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. ഒരു സീറ്റിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരാൻ തങ്ങൾക്ക് ആറ് മാസമെടുത്തു. നിങ്ങൾ ഞങ്ങൾക്ക് ഡാറ്റ നൽകിയില്ലെങ്കിൽ, മറ്റു സീറ്റുകളിലും തങ്ങൾക്ക് ഈ ജോലി ചെയ്യാൻ കഴിയും. നിങ്ങൾക്ക് ഇത് മറച്ചുവെക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇതിൽ നിന്ന് ഓടിപ്പോകാൻ കഴിയില്ല. ഒരു ദിവസം, നിങ്ങൾക്ക് പ്രതിപക്ഷത്തെ നേരിടേണ്ടിവരും. ഇതിന് സമയമെടുത്തേക്കാം. പക്ഷേ തങ്ങൾ നിങ്ങളെ പിടികൂടും… നിങ്ങളെ ഓരോരുത്തരെയും. തന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ എന്നും രാഹുൽ മുന്നറിയിപ്പ് നൽകി.