• Thu. Oct 16th, 2025

24×7 Live News

Apdin News

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; ക്ലാസ് ടീച്ചറെയും പ്രധാനധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു

Byadmin

Oct 16, 2025


പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലാസ് ടീച്ചറെയും പ്രധാനധ്യാപികയെയും സസ്‌പെന്‍ഡ് ചെയ്തു. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനധ്യാപിക ലിസ്സിയെയുമാണ് മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തത്.

സംഭവത്തില്‍ അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. കുഴല്‍മന്ദം പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.

അധ്യാപിക്കെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ സഹപാഠിയും രംഗത്തെത്തിയിരുന്നു. ക്ലാസ് അധ്യാപിക ആശ ക്ലാസ് മുറിയില്‍ വെച്ച് സൈബര്‍ സെല്ലിനെ വിളിച്ചിരുന്നു . ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നല്‍കേണ്ടി വരുമെന്നും അര്‍ജുനെ ഭീഷണിപ്പെടുത്തി. അതിന് ശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നു.മരിക്കുമെന്ന് തന്നോട് അര്‍ജുന്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയത് കൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്നും മറ്റൊരു സുഹൃത്തിനോട് ആശ ടീച്ചര്‍ പറഞ്ഞുവെന്നും സഹപാഠി പറഞ്ഞു.

 

By admin