ടെഹ്‌റാൻ: ഒമാൻ ഉൾക്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വരെ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് ഇറാന്റെ യുദ്ധക്കപ്പലുകൾ ഇസ്രായേലിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധം അവസാനിച്ചതിന് ശേഷം വ്യാഴാഴ്ചയാണ് ഇറാൻ ആദ്യമായി സൈനികാഭ്യാസം ആരംഭിച്ചത്.
‘സസ്റ്റയിൻ പവർ 1404’ എന്ന് പേരിട്ടിരിക്കുന്ന ഈ അഭ്യാസത്തിന് കീഴിൽ ഇറാനിയൻ നാവികസേന ഒമാൻ ഉൾക്കടലിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും കടൽ ലക്ഷ്യങ്ങളിൽ ക്രൂയിസ് മിസൈലുകൾ പ്രയോഗിക്കുകയും ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു.
എന്നിരുന്നാലും സൈനികാഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏകദേശം 18,000 പേരുള്ള ഇറാനിയൻ നാവികസേന സാധാരണയായി ഒമാൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, കാസ്പിയൻ കടൽ എന്നിവിടങ്ങളിൽ പട്രോളിംഗ് നടത്താറുണ്ട്. കൂടാതെ പേർഷ്യൻ ഗൾഫിന്റെയും ഹോർമുസ് കടലിടുക്കിന്റെയും സുരക്ഷയുടെ ഉത്തരവാദിത്തം റെവല്യൂഷണറി ഗാർഡിനാണ്.
അതേസമയം ഇറാൻ , അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം നിർത്തിവച്ചു. ടെഹ്‌റാൻ അടുത്തിടെ യുറേനിയം ആയുധ-ഗ്രേഡ് തലത്തിലേക്ക് സമ്പുഷ്ടമാക്കിയത് അവരുടെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടിയിട്ടുണ്ട്.
ആഗസ്റ്റ് 31-നകം ഐഎഇഎയുമായുള്ള തർക്കത്തിന് തൃപ്തികരമായ പരിഹാരം ഇറാൻ കണ്ടെത്തിയില്ലെങ്കിൽ മുമ്പ് പിൻവലിച്ച എല്ലാ ഐക്യരാഷ്‌ട്രസഭ ഉപരോധങ്ങളും ഉടൻ പുനഃസ്ഥാപിക്കുമെന്ന് ആണവ കരാറിൽ ഉൾപ്പെട്ട യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നിവ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.