റിയാദ്: സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുമായി കുടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 25 വർഷത്തിനു ശേഷം ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
പതിറ്റാണ്ടുകളായി അന്താരാഷ്‌ട്ര ഒറ്റപ്പെടലിൽ നിന്ന് കരകയറാൻ പാടുപെടുന്ന സിറിയയെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ച നിർണായകമാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) നേതാക്കളുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്‌ക്കിടെ നടന്ന ചർച്ചകൾ 50 വർഷത്തിലേറെ നീണ്ട അസദ് കുടുംബത്തിന്റെ ഭരണത്തിൽ നിന്ന് കരകയറുന്ന സിറിയയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന സംഭവവികാസമാണെന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
അതേ സമയം അൽഷറയെ പിടികൂടുന്നവർക്ക് അമേരിക്ക ഒരിക്കൽ ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം മറന്നാണ് ട്രംപ് – അൽഷറ കൂടിക്കാഴ്ച നടന്നത്. ചർച്ചകൾക്ക് ശേഷം എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് അൽ-ഷറയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു. “അദ്ദേഹം ഒരു ചെറുപ്പക്കാരനും ആകർഷകനുമാണ്. കടുപ്പമേറിയ ആളാണ്. അദ്ദേഹത്തിന് വളരെ ശക്തമായ ഒരു ഭൂതകാലമുണ്ട്. അദ്ദേഹം ഒരു യോദ്ധാവാണ് ” – ട്രംപ് പറഞ്ഞു.
നേരത്തെ അബു മുഹമ്മദ് അൽ-ഗൊലാനി എന്ന പേരിൽ അൽ-ഖ്വയ്ദയുമായി അൽ-ഷറയ്‌ക്ക് ബന്ധമുണ്ടായിരുന്നു. കൂടാതെ സിറിയൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് ഇറാഖിൽ യുഎസ് സേനയുമായി പോരാടിയ വിമതരിൽ ഒരാളുമായിരുന്നു ഇയാൾ. കൂടാതെ അമേരിക്കൻ സേന അദ്ദേഹത്തെ വർഷങ്ങളോളം തടവിലാക്കുകയും ചെയ്തിട്ടുണ്ട്