ന്യൂദല്‍ഹി: അമിത് ഷായുടെ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസുകള്‍ വന്നതോടെ ട്യൂണ്‍ മാറ്റി മഹുവ മൊയ്ത്ര. താന്‍ അമിത് ഷായുടെ തലവെട്ടുമെന്നല്ല പറഞ്ഞതെന്നും അതൊരു ഭാഷാപ്രയോഗം മാത്രമാണെന്നും പറഞ്ഞ് വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുകയാണ് മഹുവ മൊയ്ത്ര.
ഒരിയ്‌ക്കല്‍ അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ വിമര്‍ശനമുയര്‍ത്തിയതിന്റെ പേരില്‍ എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരികയും എംപി ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞുകൊടുത്ത് ദല്‍ഹിയില്‍ നിന്നും ബംഗാളിലേക്ക് തിരിച്ചുപോകേണ്ടി വരികയും ചെയ്യേണ്ടിവന്ന എംപിയാണ് മഹുവ മൊയ്ത്ര. അന്ന് അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ വിമര്‍ശനവും ചോദ്യവും ഉയര്‍ത്തുന്നതിന് ഹീരാനന്ദാനി എന്ന ബിസിനസുകാരനില്‍ നിന്നും പണവും സമ്മാനങ്ങളും മഹുവ മൊയ്ത്ര വാങ്ങിയിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. അന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആണ് പാര്‍ലമെന്‍റിനെ ഞെട്ടിച്ച ഈ ആരോപണം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയത്. പിന്നീട് ബിസിനസുകാരനായ ഹീരാനന്ദാനി ഈ ആരോപണം ശരിവെച്ചു. മാത്രമല്ല, എംപിക്ക് അനുവദിച്ച വീടിനെ മോടിപിടിപ്പിക്കാനും മഹുവമൊയ്ത്ര പണം ആവശ്യപ്പെട്ടതായും ഹീരാനന്ദാനി വെളിപ്പെടുത്തി. ഇതോടെ മഹുവ മൊയ്ത്രയുടെ മുഖം നഷ്ടപ്പെട്ടു. ഈ കേസില്‍ സിബിഐ അന്വേഷണം നടത്തിയിരുന്നു. മഹുവ മൊയ്ത്ര തന്റെ പാര്‍ലമെന്‍റ് ലോഗിനും പാസ് വേഡും വരെ ഹീരാനന്ദാനിക്ക് നല്‍കിയിരുന്നുവെന്ന് സുപ്രീംകോടതി അഭിഭാഷകനും മഹുവ മൊയ്ത്രയുടെ സുഹൃത്തുമായ ദേഹാദ് റായിയും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിയാണെന്ന് ലോക് സഭാ എതിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹീരാനന്ദാനി സാക്ഷ്യപത്രം നല്‍കുകയായിരുന്നു. ഇതോടെയാണ് ലോക് സഭാ എതിക്സ് കമ്മിറ്റി മഹുവ മൊയ്ത്ര കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് സ്പീക്കര്‍ ഇവരുടെ എംപി സ്ഥാനം റദ്ദാക്കിയത്. ദേഹാദ് റായിയ്‌ക്കെതിരെ മഹുവ മൊയ്ത്ര അന്ന് മോഷണക്കുറ്റം, ക്രിമിനല്‍ അതിക്രമിച്ച് കടക്കല്‍, അസഭ്യ സന്ദേശമയയ്‌ക്കല്‍, അധിക്ഷേപം തുടങ്ങി പല കുറ്റങ്ങളും ആരോപിച്ചിരുന്നു. പക്ഷെ പിന്നീട് മഹുവ തന്നെ ദേഹാദ് റായിയ്‌ക്കെതിരായ പരാതികള്‍ പിന്‍വലിച്ചു. ഏറ്റവുമൊടുവില്‍ ദേഹാദ് റായിയോട് മാപ്പ് പറഞ്ഞു അന്നത്തെ കേസുകളില്‍ നിന്നും തലയൂരിയതാണ്. അതിന് ശേഷമാണ് ഇപ്പോള്‍ അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെയ്‌ക്കുമെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ മഹുവ വീണ്ടും കുടുങ്ങിയിരിക്കുന്നത്.
ഇപ്പോള്‍ അമിത് ഷായുടെ തലവെട്ടുമെന്ന് പറഞ്ഞ വിവാദത്തില്‍ ആദ്യ പരാതി ഛത്തീസ് ഗഡിലെ റായിപൂരിലെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ തന്റെ പ്രസ്താവന അതിരുകടന്നുവെന്ന് മഹുവയ്‌ക്ക് പിടികിട്ടി. മഹുവ മൊയ്ത്രയുടെ പ്രസ്താവന ജനാധിപത്യ സ്ഥാപനങ്ങളെ അപമാനിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ദേശീയ ഐക്യത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് റായിപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കപ്പെട്ടിരിക്കുന്നത്. ഗുരുതരമാണ് ഈ പരാതി. ഇതോടെയാണ് പ്രശ്നം ആളിക്കത്തിക്കാതെ ഒരു തമാശമട്ടില്‍ കുറ്റസമ്മതം നടത്തി തലയൂരാന്‍ മഹുവ മൊയ്ത്ര ശ്രമം നടത്തുന്നത്. ഇനി ചിലപ്പോള്‍ ഇന്ത്യയുടെ നാനാഭാഗങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിലും മഹുവ മൊയ്ത്രയ്‌ക്ക് കേസ് വന്നേക്കുമെന്ന് മഹുവ ഭയപ്പെടുന്നുണ്ട്. അങ്ങിനെ വന്നാല്‍ അത് വലിയ ബുദ്ധിമുട്ടാകും. അല്ലെങ്കില്‍ തന്നെ മഹുവ മൊയ്ത്രയെ തൃണമൂല്‍ കോണ്‍ഗ്രസ് ചുമക്കുകയാണ്. ഒരു തവണ എംപി സ്ഥാനം നഷ്ടമായ മഹുവ മൊയ്ത്രയ്‌ക്ക് പല വമ്പന്മാരും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് മമത ബാനര്‍ജി രണ്ടാമതും ലോക് സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയത്. ഇനി ഒരു തവണ കൂടി വിവാദത്തില്‍ വീണുപോയാല്‍ ഇനി മമത ഒരു അവസരം കൂടി നല്‍കിയേക്കില്ലെന്ന് മഹുവയ്‌ക്ക് നല്ലതുപോലെ അറിയാം.
അതിനാല്‍ കാര്യങ്ങള്‍ മയപ്പെടുത്താന്‍ പുതിയൊരു പ്രസ്താവനയുമായി മഹുവമൊയ്ത്ര രംഗത്ത് വന്നിരിക്കുകയാണ്. താന്‍ പറഞ്ഞത് അമിത് ഷായുടെ തലവെട്ടുമെന്നല്ല, അതൊരു ഭാഷാപ്രയോഗം മാത്രമാണെന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയാണ് മുഹവ മൊയ്ത്ര ഇപ്പോള്‍. ഹിസ് ഹെഡ് ഷുഡ് ബി കട്ട് ഓഫ് ആന്‍റ് പുട് ഓണ്‍ ദ് ടേബിള്‍ എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. അതായത് അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെയ്‌ക്കണം എന്നാണ് ഈ വാചകത്തിന്റെ പദാനുപദ തര്‍ജ്ജമ. എന്നാല്‍ അതൊരു ഇംഗ്ലീഷ് ഭാഷാശൈലി മാത്രമാണെന്നും അതിനര്‍ത്ഥം ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തി (കേന്ദ്ര ആഭ്യന്തരമന്ത്രി പദത്തില്‍ ഇരിക്കുന്ന അമിത് ഷാ) ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല, അയാളെ ഒഴിവാക്കണമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് മഹുവ മൊയ്ത്ര വിശദീകരിക്കുന്നത്.