• Sat. Oct 19th, 2024

24×7 Live News

Apdin News

ഒരുകാലത്ത് തലസ്ഥാനത്തെ ശുദ്ധജല സ്രോതസ്; ഇപ്പോള്‍ മാലിന്യ വാഹിനി

Byadmin

Oct 19, 2024


തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ശുദ്ധജല സ്രോതസ്സായിരുന്നു ഒരുകാലത്ത് കരമനയാര്‍. കരമനയാറില്‍ അരുവിക്കരയില്‍ അണകെട്ടിയാണ് നഗരത്തിലേക്കാവശ്യമായ ശുദ്ധജലം എത്തിക്കുന്നത്.

ചരിത്ര പ്രാധാന്യമുള്ള കരമനയാര്‍ ഇപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ വിളനിലമായി മാറി. ഒരു മില്ലിലിറ്റര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് 24,000 ആണെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. അനുവദനീയ അളവായ 2,500 ന്റെ പത്തിരട്ടിയോളമാണിത്. ഈ വെള്ളം ഉപയോഗിക്കുന്നവര്‍ മാത്രമല്ല നദിയുടെ പരിസരത്ത് ജീവിക്കുന്നവരും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.

നദിയിലെ വെള്ളത്തില്‍ പിഎച്ച് നില വളരെ കുറവാണെന്നും അമ്ലാംശത്തിന്റെ തോത് വളരെ കൂടുതലാണെന്നും ഫിഷറീസ് വകുപ്പ് 2021 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശുദ്ധജലത്തിന്റെ പിഎച്ച് നില 5 ആണ്. പിഎച്ച് നില 7ല്‍ താഴെയാണെങ്കില്‍ വെള്ളത്തിന് അമ്ലത കൂടുതലായിരിക്കും. ജലത്തില്‍ ഓക്‌സിജന്റെ അളവും കുറവാണ്. ജലമലിനീകരണം കൂടുതലാണെന്നും അന്ന് കണ്ടെത്തിയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ഏറ്റവും മലിനമായ നദികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് കരമനയാറിന്. ജലത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിച്ച് മലിനീകരണ തോത് കണക്കാക്കുന്ന ബയോ കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (ബിഒഡി) നിരക്ക് കരമനയാറില്‍ ലിറ്ററില്‍ 7.3 മില്ലിഗ്രാം വരെയാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശുചിമുറി മാലിന്യവും അറവുശാല അവശിഷ്ടങ്ങളും നിക്ഷേപിക്കാനുള്ള ചെലവുകുറഞ്ഞ ഇടമായാണ് നദിയെ പലരും കണക്കാക്കുന്നത്.

കരമനയാറിനെ മാലിന്യമുക്തമാക്കാന്‍ തയാറാക്കിയ വിശദ പദ്ധതി റിപ്പോര്‍ട്ട് അംഗീകാരത്തിനായി നാഷണല്‍ റിവര്‍ കണ്‍സര്‍വേഷന്‍ ഡയറക്ടറേറ്റിന് (എന്‍ആര്‍സിഡി) സംസ്ഥാനം സമര്‍പ്പിച്ചിരുന്നു. ഡിപിആര്‍ പരിശോധിച്ച ശേഷം ചില നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തി എന്‍ആര്‍സിഡി മടക്കി നല്‍കിയെങ്കിലും സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ തുടര്‍നടപടിയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ! ചെമ്മുഞ്ഞിമേട്ടില്‍ നിന്നും ഉത്ഭവിക്കുന്ന കരമനയാര്‍ കാവിയാര്‍, അട്ടയാര്‍, വായപ്പാടിയാര്‍, തോടയാര്‍ എന്നീ അരുവികളിലായി ഒഴുകിയിറങ്ങി ഒന്നായി ചേര്‍ന്ന് വട്ടിയൂര്‍ക്കാവിനടുത്ത് വച്ച് നഗരത്തിലേക്ക് പ്രവേശിക്കുന്നു. തിരുവല്ലത്തിനു സമീപം അറബിക്കടലില്‍ ലയിക്കുന്നതിനുതിനു മുന്‍പ് കിള്ളിയാറും പാര്‍വതി പുത്തനാറും കരമനയാറില്‍ ഒത്തുചേരുന്നു. കരമനയാറിനെ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും വിവിധ പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങി.



By admin