• Wed. Sep 30th, 2026

24×7 Live News

Apdin News

“ഒരു അനാവശ്യ ത്രില്ലർ”; മദ്യലഹരിയിൽ വാഹന അപകടം ഉണ്ടാക്കിയ അശ്വന്ത് കോക്കിന് സിനിമ റിവ്യൂ സ്റ്റൈലിൽ കേരള പൊലീസിന്റെ കിടിലൻ ട്രോൾ!

Byadmin

Sep 30, 2026


കോഴിക്കോട്: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പ്രമുഖ യൂട്യൂബറും ഫിലിം റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പൊലീസിന്റെ ‘ട്രോൾ’ കാർഡ് സോഷ്യൽ മീഡിയയിൽ വൈറൽ

അശ്വന്ത് കോക്കിന്റെ സിനിമാ റിവ്യൂ ശൈലി മാതൃകയാക്കി കേരള പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പരോക്ഷ പോസ്റ്റ് ഇതിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്:

“ഒരു അനാവശ്യ ത്രില്ലർ”

ഡ്രൈവ് റേറ്റിംഗ്:

കഥ: സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ.

ക്ലൈമാക്സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ.

പ്രൊഡക്ഷൻ കോസ്റ്റ്: പിഴ, ആശുപത്രി ചിലവ്.

ആഡിയൻസ് റെസ്പോൺസ്: വീട്ടുകാരുടെ കണ്ണീരും, നാട്ടുകാരുടെ ശാപവും.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപിച്ച് വാഹനമോടിക്കരുത്.

തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ കോഴിക്കോട് എരഞ്ഞിപ്പാലം കൊട്ടാരം റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അശ്വന്ത് കോക്ക് ഓടിച്ച മഹീന്ദ്ര ഥാർ (Mahindra Thar) വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും, പിന്നാലെ ഭിന്നശേഷിക്കാരൻ സഞ്ചരിച്ചത് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ആകെ മൂന്ന് വാഹനങ്ങളിലാണ് ഇയാൾ ഇടിച്ചതെന്ന് നാട്ടുകാരും പൊലീസും വ്യക്തമാക്കി.

അപകടത്തിന് ശേഷം വാഹനം നിർത്താതെ പോകാൻ ശ്രമിച്ച ഇയാളെ നാട്ടുകാരും ട്രാഫിക് പൊലീസും ചേർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. വാഹനം തടഞ്ഞ നാട്ടുകാരോടും പിന്നീട് സ്ഥലത്തെത്തിയ പൊലീസുകാരോടും അശ്വന്ത് കോക്ക് തട്ടിക്കയറിയെന്നും റിപ്പോർട്ടുകളുണ്ട്. ഇയാൾ ഓടിച്ച ജീപ്പിൽ നിന്നും രണ്ട് കുപ്പി മദ്യം പൊലീസ് കണ്ടെടുത്തു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തുടർന്ന് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത അശ്വന്തിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയുമായിരുന്നു. ആശുപത്രിയിൽ നിന്ന് മടങ്ങവെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് “ദാറ്റ്സ് കേരള പൊലീസ്” എന്നായിരുന്നു ഇയാളുടെ മറുപടി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.







By admin