
മുംബൈ: ന്യൂയോർക്ക് നഗരത്തിന്റെ ഭരണത്തിന് നേതൃത്വം നൽകാൻ പോകുന്ന സൊഹ്‌റാൻ മംദാനിയുടെ മേയർ തിരഞ്ഞെടുപ്പ് വിജയം ഉടൻ തന്നെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന മുംബൈയിലും ചർച്ചാ വിഷയമാകുന്നു. മുംബൈ ബിജെപി മേധാവി അമീത് സതം ഇതിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇതിനോടകം ഏറെ വൈറലായി കഴിഞ്ഞു.
ഒരു ഖാനെയും മേയറാകാൻ ഞങ്ങൾ അനുവദിക്കില്ലെന്നാണ് അന്ധേരി വെസ്റ്റിൽ നിന്നുള്ള എംഎൽഎ കൂടിയായ സതം പറഞ്ഞത്. ‘വോട്ട് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച സതം, ന്യൂയോർക്ക് നഗരത്തിൽ കണ്ട അതേ തരത്തിലുള്ള രാഷ്‌ട്രീയം മുംബൈയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞു.
“ചിലർ രാഷ്‌ട്രീയ അധികാരം നിലനിർത്താൻ പ്രീണനത്തിന്റെ പാത സ്വീകരിക്കുന്നു. മുമ്പ് സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ച അത്തരം ശക്തികളിൽ നിന്ന് മുംബൈയെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.” – ബിജെപി നേതാവ് പറഞ്ഞു.
ഇതിനു പുറമെ മതപരമായ ഐക്യത്തിൽ താൻ വിശ്വസിക്കുന്നുവെന്നും എന്നാൽ ദേശവിരുദ്ധ നിലപാട് സ്വീകരിച്ച് ആരെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ അവരെ എതിർക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.