
ഗ്യാസ് സിലിണ്ടറിനോ സ്റ്റൗവിനോ ചോർച്ചയുള്ളതായി തോന്നിയാൽ സംശയമാണെന്ന് കരുതി തള്ളിക്കളയരുത്. ഒരു ചെറിയ സ്പാർക്ക് പോലും വലിയ അഗ്നിബാധയിലേക്ക് നയിച്ചേക്കാം. ഗ്യാസിന് ചോർച്ചയുണ്ടായാൽ അടുത്തതായി എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു പോകുന്നവരുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വെപ്രാളം മൂലം അബദ്ധങ്ങൾ ചെയ്ത് വലിയ അപകടങ്ങൾ വിളിച്ചു വരുത്താതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
സ്റ്റൗവ്, സിലിണ്ടർ, പൈപ്പ് ലൈൻ തുടങ്ങിയവക്ക് സമീപം ഗ്യാസ് മണക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും ചോർച്ചയുടേതാവാം.റെഗുലേറ്റർ, ഗ്യാസ് പൈപ്പ്, ബർണർ തുടങ്ങിയവയിൽ നിന്നും ചീറ്റുന്നതുപോലെയുള്ള ശബ്ദം കേൾക്കുന്നതും ഗ്യാസ് ചോരുന്നതിന്റെ സൂചനയാണ്.
ബർണറിൽ തീ അസാധാരണമായി ഓറഞ്ചോ മഞ്ഞയോ നിറത്തിൽ കത്തിയാൽ അതും ചെറിയ രീതിയിലുള്ള ചോർച്ചയുള്ളത് മൂലമാവാം. സ്റ്റൗവിന്റെ നോബ് ഓഫ് ചെയ്തതിനുശേഷം ഗ്യാസിന്റെ മണം നിലനിൽക്കുന്നത് കണക്‌ഷനിലോ റെഗുലേറ്ററിലോ ചോർച്ചയുള്ളതിന്റെ സൂചനയാണ്.
ബർണറുകൾ എല്ലാം ഓഫ് ചെയ്ത് വയ്‌ക്കുക. ഉടൻതന്നെ സിലിണ്ടറിന്റെ റെഗുലേറ്ററും ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക. ലീക്ക് സ്വയം പരിശോധിക്കാനോ ഫിറ്റിങ്സുകൾ അയയ്‌ക്കാനോ മുറുക്കാനോ സ്വയം ശ്രമിക്കാതിരിക്കുക. ഗ്യാസ് സപ്ലൈ തടസ്സപ്പെടുത്തിയതിനു ശേഷം വിദഗ്ധരുടെ സഹായത്തോടെ മാത്രമേ ചോർച്ച പരിഹരിക്കാവൂ.
വീട്ടിലുള്ള എല്ലാ ആളുകളെയും ഉടൻതന്നെ പുറത്തെത്തിക്കുക എന്നതാണ് അടുത്ത നടപടി. വളർത്തുമൃഗങ്ങൾ അടക്കം എല്ലാവരും വീട്ടിൽ നിന്നും ചുരുങ്ങിയത് 50 അടി അകലത്തിലെങ്കിലും മാറിനിൽക്കണം.തീപ്പൊരി ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക. ചോർച്ച കണ്ടെത്തുന്ന സമയത്ത് തീപ്പെട്ടി, ലൈറ്റർ, മെഴുകുതിരി തുടങ്ങി ചന്ദനത്തിരി പോലും കത്തിക്കാതിരിക്കുക.
ഇലക്ട്രിക്കൽ സ്വിച്ചുകൾ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ അരുത്. അതേപോലെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്ലഗ് ചെയ്യാനോ അൺപ്ലഗ് ചെയ്യാനോ ശ്രമിക്കാതിരിക്കുക. അടിയന്തര സഹായത്തിനു വേണ്ടിയാണെങ്കിലും ഗ്യാസിന്റെ ഗന്ധം തങ്ങിനിൽക്കുന്ന അവസരത്തിൽ വീടിനുള്ളിൽ നിന്ന് മൊബൈൽ ഉപയോഗിക്കാതിരിക്കുക.
വായു സഞ്ചാരം ഉറപ്പാക്കുന്നതാണ് അപകടം ഒഴിവാക്കാനുള്ള ഏറ്റവും വലിയ മാർഗം. അതിനാൽ ഗ്യാസ് ലീക്ക് ഉണ്ടെന്ന് മനസ്സിലായാൽ പരമാവധി വാതിലുകളും ജനാലകളും തുറന്നിടുക. എന്നാൽ എക്സ്ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കരുത്. ലീക്കേജിന്റെ ഗന്ധം പൂർണമായും നീങ്ങിയെന്ന് ഉറപ്പാകുന്നത് വരെ വായുസഞ്ചാരം ഉണ്ടാകണം.