• Tue. Jan 13th, 2026

24×7 Live News

Apdin News

ഒരു പൂപറിക്കുന്നതുപോലെ ഈസിയായി മഡൂറോയെ പിടിച്ചുകൊണ്ടുപോയി…പക്ഷെ ഇറാനെ തൊടാന്‍ അമേരിക്കയ്‌ക്ക് പേടി;മഡൂറോയല്ല ഖമേനി

Byadmin

Jan 13, 2026



ടെഹ്റാന്‍: ഒരാഴ്ച മുന്‍പ് വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ഒരു പൂപറിക്കുന്നതുപോലെ ഈസിയായാണ് ട്രംപിന്റെ പട്ടാളക്കാര്‍ പിടിച്ചുകെട്ടി അമേരിക്കയിലേക്ക് കൊണ്ടുപോയത്. പക്ഷെ അതുപോലെയല്ല ഇറാനും ഖമേനിയും. ഖമേനിയോട് കൂറുള്ള സൈന്യമാണ് ഇറാനില്‍ ഉള്ളത്. മാത്രമല്ല, ഇറാന്റെ ആയുധശേഖരം മാരകമാണ്.

ഇറാനെതിരെ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ട് ഒരു ആഴ്ചയിലധികം പിന്നിട്ടുകഴിഞ്ഞു. ഇറാനെ ആക്രമിക്കുന്നതില്‍ നിന്നും എന്താണ് അമേരിക്കയെ പിന്തിരിപ്പിക്കുന്നത്? അമേരിക്കയെ ആക്രമിക്കുമെന്നും ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുമെന്നുമുള്ള ആയത്തൊള്ള അലി ഖമേനിയുടെ വാക്കുകളാണ് അമേരിക്കയെ ഭയപ്പെടുത്തുന്നത്.

രണ്ടാഴ്ച മുമ്പ് ടെഹ്‌റാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇറാനിലെ 31 പ്രവിശ്യകളിലെ 100-ലധികം നഗരങ്ങളിലേക്ക് ഇതിനകം വ്യാപിച്ചുകഴിഞ്ഞു. 1200ല്‍ പരം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതായി പറയുന്നു. . പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാൻ ഭരണകൂടം മുൻകാലങ്ങളിൽ ചെയ്തതുപോലെ ക്രൂരമായ ബലപ്രയോഗത്തിലൂടെ അസ്വസ്ഥതകൾ അടിച്ചമർത്തുകയാണ്. . രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ യഥാർത്ഥ മരണസംഖ്യ വളരെ കൂടുതലാകുമെന്ന് മുന്നറിയിപ്പ് നൽകിയ മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് 600-ലധികം പ്രകടനക്കാർ ഇതിനകം കൊല്ലപ്പെട്ടു എന്നാണ്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാൻ നിരവധി സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഏറ്റവും പുതിയ പ്രതിഷേധങ്ങൾ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. . 2022-ൽ ഹിജാബ് നടപ്പിലാക്കിയതിനെച്ചൊല്ലി 22 കാരിയായ മഹ്‌സ അമിനി കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്ന് രാജ്യത്തുടനീളം 550 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ കലാപത്തേക്കാള്‍ വ്യാപകവും അക്രമാസക്തവുമാണ് ഇപ്പോഴത്തെ കലാപം. ഹിജാബിനെതിരായ കലാപം ഒരു സ്ത്രീപക്ഷ കേന്ദ്രീകൃത പ്രതിഷേധമായിരുന്നെങ്കില്‍ രാജ്യവ്യാപകമായി വേഗത്തിൽ വ്യാപിച്ച ഏറ്റവും പുതിയ പ്രതിഷേധം യുവാക്കളെയും സ്ത്രീകളെയും പ്രായമായവരെയും പോലും ആകർഷിക്കുകയാണ്.

ഇറാനിലെ ധനികരായ വ്യാപാരികള്‍ കൂടി പങ്കെടുക്കുന്ന ഖമേനി വിരുദ്ധ പ്രക്ഷോഭം
1979-ലെ വിപ്ലവത്തിനുശേഷം ഇതാദ്യമായി ഇറാനിലെ വ്യാപാരികളും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. വാസ്തവത്തിൽ, ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം കുത്സിത മാര്‍ഗ്ഗങ്ങളിലൂടെ തകര്‍ക്കാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികള്‍ക്ക് കഴിഞ്ഞതോടെയാണ് വ്യാപാരികള്‍ കൂടി ഖമേനിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഒരു ഡോളറിന് 288 റിയാല്‍ ഇപ്പോള്‍ കിട്ടുമെന്ന് പറഞ്ഞാല്‍ ഈ ദുരവസ്ഥ മനസ്സിലാക്കാനാകും. ഇതോടെയാണ് ഡിസംബർ 28-ന് വ്യാപാരികള്‍ കൂടികൂടെ ചേര്‍ന്നുകൊണ്ട് ടെഹ്‌റാനിൽ വന്‍ പ്രതിഷേധ പ്രകടനങ്ങൾ ആരംഭിച്ചത്. വ്യാപാരികളെ അമേരിക്ക തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഖമേനി പറഞ്ഞെങ്കിലും നിലനില്‍പ് അപകടത്തിലായതോടെ വ്യാപാരികള്‍ ഖമേനിയെ വിശ്വസിക്കാന്‍ തയ്യാറല്ല. ക്രമേണ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെയും ആകര്‍ഷിക്കാന്‍ പ്രകടനത്തി് കഴിഞ്ഞു. ഇറാന്റെ സുരക്ഷാ സേനയിൽ നിന്നും ചിലര്‍ കൂറുമാറിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഖമേനി ഭരണകൂട തകർച്ചയുടെ ലക്ഷണങ്ങളൊന്നും ഇതുവരെ കാണിച്ചിട്ടില്ല. അതിനാല്‍ പ്രക്ഷോഭകാരികള്‍ക്ക് അവരുടെ സമരത്തില്‍ ആശങ്കയുണ്ട്.

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പാശ്ചാത്യ ഉപരോധങ്ങളില്‍പ്പെട്ട് സാധാരണ ഇറാനികളുടെ ജീവിതം ഇതിനകം ദുരിതപൂർണ്ണമായിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് ഇസ്രായേലുമായുള്ള സംഘർഷത്തിനുശേഷം, അമേരിക്കയും ചേർന്ന് ഇറാനിൽ ബോംബാക്രമണം നടത്തിയപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. കഴിഞ്ഞ മാസം, ഇറാനില്‍ പണപ്പെരുപ്പം 50% കവിഞ്ഞു. ഇതും അസ്വസ്ഥത വളർത്താൻ മതിയായ കാരണമാണ്.

ശൂന്യത നികത്താന്‍ റിസ പഹ്ലവിക്ക് കഴിയില്ല

വിദേശ ശക്തികളായ അമേരിക്കയും ഇസ്രായേലും ആണ് പ്രധാനമായും അസ്വസ്ഥതകൾ ആസൂത്രണം ചെയ്യുന്നതെന്ന് അയത്തുള്ള ഖമേനി ആരോപിക്കുന്നു. എന്നാൽ അസ്വസ്ഥതയുടെ വ്യാപ്തി സൂചിപ്പിക്കുന്നത് പ്രതിഷേധക്കാരുടെ കോപം ഖമേനി സർക്കാരിനെതിരെയാണെന്നാണ്. ഇസ്ലാമിക ഭരണകൂടത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നുണ്ട്, ഇത് ഇറാനിൽ അപൂർവമാണ്. അമേരിക്കയിൽ പ്രവാസിയായ രാജ്യത്തിന്റെ മുൻ കിരീടാവകാശി റെസ പഹ്‌ലവി കുറച്ചുകാലമായി തെരുവ് പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ ഇനിയും ഇറാന്റെ പരമോന്നതനേതാവായി അംഗീകരിക്കാന്‍ ഇറാനികള്‍ തയ്യാറാവുമോ എന്ന് കണ്ടറിയണം. ഇതും അമേരിക്കയുടെ തന്ത്രങ്ങളെ ദുര്‍ബലപ്പെടുത്തുന്നു.

യുഎസ് സൈനിക നടപടി സഹായിച്ചേക്കില്ല
ഡൊണാൾഡ് ട്രംപ് തന്റെ സൈനിക ഇടപെടല്‍ എങ്ങിനെ വേണമെന്ന് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധങ്ങൾ ആരംഭിച്ചയുടനെ, പ്രകടനക്കാരെ കൊല്ലാൻ തുടങ്ങിയാൽ അമേരിക്ക ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ 1200ല്‍പരം പ്രകടനക്കാരെ കൊന്നിട്ടും അമേരിക്ക അനങ്ങിയിട്ടില്ല. ഇത് പ്രതിഷേധക്കാരെ തളര്‍ത്തുന്നു.

വെനസ്വേലയല്ല, ഇറാന്‍…പടിഞ്ഞാറന്‍ യൂറോപ്പിന്റെ വലിപ്പമുള്ള രാജ്യം

ഒരു മടിയും കൂടാതെ സൈനിക പരിഹാരങ്ങൾ തിരഞ്ഞെടുക്കാന്‍ കഴിവുള്ള, വെറും 10 ദിവസം മുമ്പ് വെനിസ്വേലയിൽ ആക്രമണം നടത്തി അതിന്റെ നേതാവ് നിക്കോളാസ് മഢൂറോയെ പിടികൂടാന്‍ കഴിഞ്ഞ ട്രംപ് എന്ന നേതാവ് എന്തുകൊണ്ടാണ് ഇറാന‍ില്‍ ഇടപെടാന്‍ മടിക്കുന്നത്? കാരണം, ട്രംപിന് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയാത്തതിന് കാരണങ്ങളുണ്ട്. ഇറാൻ വെനിസ്വേലയല്ല. പടിഞ്ഞാറൻ യൂറോപ്പിനോളം വലുതാണ്, കഴിഞ്ഞ വർഷത്തെ ഇസ്രായേല്‍ ആക്രമണത്തിനും യുഎസ് സൈനിക നടപടിക്കും ശേഷവും ഒരു സൈനിക ശക്തിയായി ഖമേനിയുടെ കീഴില്‍ ഇറാന്‍ തുടരുക തന്നെയാണ്.

ഗള്‍ഫ് ആക്രമിക്കുമെന്ന ഖമേനിയുടെ ഭീഷണി ട്രംപിനെ ഭയപ്പെടുത്തുന്നു

കഴിഞ്ഞ വർഷം ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ പ്രതികാര ആക്രമണങ്ങൾ ജൂത രാഷ്‌ട്രത്തെ വെടിനിർത്തലിന് സമ്മതിക്കാൻ നിർബന്ധിതരാക്കിയ കാര്യം ഇത്തരുണത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്. ഖത്തറിനെതിരെ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ നാശം വിതച്ചതോടെയാണ് അമേരിക്ക ഇടപെട്ട് ഇറാനെതിരായ യുദ്ധം നിര്‍ത്തിയത്. അന്നത്തെപ്പോലെയായിരിക്കില്ല, ഇപ്പോഴത്തെ ആക്രമണം. ആകെ മുങ്ങുന്ന സമയത്ത് ഇറാന്റെ ആക്രമണം ഭയാനകമായിരിക്കും. ഇത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ മേലുള്ള വിശ്വാസം എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കരുതുന്നു. കാരണം അമേരിക്കയ്‌ക്ക് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ വ്യോമത്താവളം നല്‍കുക മാത്രമല്ല, ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരെയാണ് തീറ്റിപ്പോറ്റുന്നത്. അതെല്ലാം ഖത്തറിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലോ ഒരൊറ്റ ഇറാന്‍ മിസൈല്‍ വീണാല്‍ ഇല്ലാതാകും.

റഷ്യയും ചൈനയും പിന്നില്‍ നിന്നും കളിക്കുന്നു
ഇന്നത്തെ കാലത്ത് കലാപത്തിന് വഴിമരുന്നിട്ട് കൊടുക്കുന്നത് സമൂമാധ്യമങ്ങളാണ്. അതിലൂടെ പ്രചരിക്കുന്ന ഭയചകിതരാക്കുന്ന നുണകളാണ് ആളുകളെ കൂട്ടത്തോടെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നത്. ഇത് മൂലം കഴിഞ്ഞ ദിവസം ഖമേനി സര്‍ക്കാര്‍ ഇറാനില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചിരുന്നു. എന്നാല്‍ അമേരിക്കയുടെ നിര്‍ദേശപ്രകാരം അവിടെ ഇലോണ്‍ മസ്ക് തന്റെ സ്റ്റാര്‍ലിങ്ക് എന്ന കമ്പനി വഴി ഇന്‍റര്‍നെറ്റ് ചിലയിടങ്ങളില്‍ നല്‍കിയിരുന്നു. പക്ഷെ ഈ സ്റ്റാര്‍ലിങ്ക് പലയിടത്തും പൊടുന്നനെ പ്രവര്‍ത്തിക്കാതായി. ഇതിന് പിന്നില്‍ റഷ്യയും ചൈനയുമാണെന്ന് ആരോപിക്കപ്പെടുന്നു. അവര്‍ ഉപഗ്രങ്ങള്‍ വഴി സ്റ്റാര്‍ലിങ്കിനെ ജാം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. ഇതും ട്രംപിനെ അസ്വസ്ഥനാക്കുന്നുണ്ട്.

ട്രംപിന് പത്ത് വട്ടം ചിന്തിക്കേണ്ടി വരും
ഇസ്ലാമിക വിപ്ലവത്തിനുശേഷം ടെഹ്‌റാനിൽ തടവിലാക്കപ്പെട്ട അമേരിക്കൻ നയതന്ത്രജ്ഞരെ രക്ഷിക്കാൻ യുഎസ് ശ്രമിച്ചത് ഓര്‍മ്മയുണ്ടോ? 1980-ല്‍ അമേരിക്ക ഇതിന് വേണ്ടി ഓപ്പറേഷൻ ഈഗിൾ ക്ലോ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചു. എന്നാല്‍ ഇത് പരാജയപ്പെട്ടു. ഇക്കാര്യം ട്രംപിന്റെ ഉപദേഷ്ടാക്കൾ അദ്ദേഹത്തെ ഓർമ്മിപ്പിച്ചിരിക്കണം. ഇതിനർത്ഥം ട്രംപ് സൈനിക ആക്രമണങ്ങൾക്ക് ഉത്തരവിടില്ല എന്നല്ല. എന്നാൽ അവരുടെ സമയം, ലക്ഷ്യങ്ങൾ, പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം തന്റെ കമാൻഡർമാരുടെയും ഉപദേശകരുടെയും അഭിപ്രായങ്ങളും മുന്നറിയിപ്പുകളും ട്രംപ് മുഖവിലയ്‌ക്കെടുത്തേ കഴിയൂ.

ഇനിയും എല്ലാ ഇറാന്‍കാരും ഖമേനിയെ വെറുത്തിട്ടില്ല

ഇറാനിലെ നിരവധി ആളുകൾ ഇസ്ലാമിക ഭരണകൂടത്തെ വെറുക്കുന്നുണ്ടെങ്കിലും, ഇസ്രായേലോ അതിന്റെ പ്രധാന പിന്തുണക്കാരായ അമേരിക്കയോ ആക്രമിക്കുന്നത് അവർക്ക് ഇഷ്ടമല്ല. അത്രത്തോളം മതിവിശ്വാസികളാണ് അവര്‍. കഴിഞ്ഞ വേനൽക്കാലത്തെ ഇസ്രയേല്‍-യുഎസ് ആക്രമണങ്ങൾ ഇറാനിലെ ആളുകളില്‍ ദേശസ്നേഹം വളര്‍ത്തിയിരുന്നു. അതുകൊണ്ടാണ് അന്ന് ഇസ്രായേലിന്റെ അഭ്യർത്ഥന അവഗണിച്ചുകൊണ്ട്, ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സൈനിക നടപടികളില്‍ നിന്നും ട്രംപ് അന്ന് വിട്ടുനിന്നത്.

ട്രംപിന്റെ പ്ലാന്‍ തല്‍ക്കാലം ഉപരോധത്തിലൂടെ ഇറാനെ ഞെരുക്കല്‍

ഈ സാഹചര്യത്തിൽ, വ്യോമാക്രമണങ്ങൾ ട്രംപിന്റെ “മേശപ്പുറത്തുള്ള നിരവധി, നിരവധി ഓപ്ഷനുകളിൽ ഒന്നുമാത്രമാണ്. പകരം “നയതന്ത്രമായിരിക്കും ട്രംപിന്റെ ആദ്യ ഓപ്ഷൻ” എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞത്. തല്‍ക്കാലം ഉപരോധങ്ങളിലൂടെ ഇറാനെ കൂടുതല്‍ ഞെരുക്കാന്‍ തന്നെയാണ് ട്രംപിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ അമേരിക്കയുമായി നടത്തുന്ന “ഏതൊരു ബിസിനസ്സിനും” യുഎസ് 25% അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതായത്, സൈനിക നടപടി ഉടനെ ഉണ്ടാകില്ലെന്നാണ് ഈ പ്രഖ്യാപനം നല്‍കുന്ന സൂചന.

 

 

By admin