
ന്യൂദൽഹി : ബിക്കാനീർ ജമ്മു-താവി സബർമതി എക്സ്പ്രസ് ട്രെയിനിൽ അറ്റൻഡറുടെ കത്തിയാക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. ബെഡ്ഷീറ്റ് ചോദിച്ചതിനെച്ചൊല്ലി സൈനികൻ ട്രെയിൻ അറ്റൻഡന്റുമായി തർക്കത്തിലേർപ്പെട്ടതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സുബേർ മേമൻ എന്ന ജീവനക്കാരനാണ് സൈനികനെ കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പ്രതിയായ സുബേർ മേമനെ രാജസ്ഥാനിലെ ബിക്കാനീർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.
ഫിറോസ്പൂർ കാന്റിൽ നിന്ന് ബിക്കാനീർ-ജമ്മു താവി സബർമതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു സൈനികൻ. ഗുജറാത്തിലെ സബർമതി സ്വദേശിയായ അദ്ദേഹം പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ട്രെയിനിലെ എസി കോച്ച് മൂന്നിലെ സൈനികനും അറ്റൻഡന്റും തമ്മിൽ ബെഡ്ഷീറ്റ് ചോദിച്ചതിനെച്ചൊല്ലി തർക്കമുണ്ടായി.
പിന്നീട് ഉറങ്ങാൻ പോയ സൈനികനെ അറ്റൻഡന്റായ സുബേർ മേമൻ തിരിച്ചെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. കാലിലും ശരീരത്തിലും കുത്തേറ്റ സൈനികൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു.