• Wed. Jan 8th, 2025

24×7 Live News

Apdin News

ഒരു ഭാഗത്ത് താലിബാന്‍, മറുഭാഗത്ത് ബലോച് ലിബറേഷന്‍ ആര്‍മി…പാകിസ്ഥാന് കഷ്ടകാലം; കൊല്ലപ്പെട്ടത് 47 പാക് സൈനികര്‍

Byadmin

Jan 7, 2025



ബലൂചിസ്ഥാന്‍ : പാകിസ്ഥാന്‍ സേനയ്‌ക്ക് രണ്ട് ഭാഗത്ത് നിന്നും തിരിച്ചടി. ഒരു ഭാഗത്ത് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേന അതിര്‍ത്തിപ്രദേശങ്ങളില്‍ ആക്രമണം നടത്തി ചില പാകിസ്ഥാന്‍ പോസ്റ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ മറുഭാഗത്ത് ബലൂചിസ്ഥാനിലെ ബലൂച് ലിബറേഷന്‍ ആര്‍മിയും പാകിസ്ഥാന്‍ സേനയ്‌ക്ക് ശക്തമായ തിരിച്ചടികളാണ് നല്‍കുന്നത്.

ബലുചിസ്ഥാനിലെ തുര്‍ബാത്തില്‍ പാക് സേനയ്‌ക്കെതിരെ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആത്മഹത്യാസ്ക്വാഡായ മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തില്‍ 47 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ സേനയുടെ സൈനികവാഹനവ്യൂഹത്തിനെതിരെയാണ് ആത്മഹത്യാസ്ക്വാഡ് ആക്രമണം നടത്തിയത്.

തുര്‍ബാത്ത് നഗരത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയുള്ള ബെഹ്മാന്‍ പ്രദേശത്തായിരുന്നു ആക്രമണമെന്ന് ബലൂച് ലിബറേഷന്‍ ആര്‍മിയുടെ വക്താവ് ജീയാന്ത് ബലൂച് അറിയിച്ചു. അഞ്ച് ബസും ഏഴ് സൈനികാവാഹനങ്ങളും ഉള്‍പ്പെടെ 13 വാഹനങ്ങള്‍ ലാഹോറില്‍ നിന്നും തുര്‍ബാത്തിലെ അതിര്‍ത്തി രക്ഷാസേനയുടെ (ഫ്രോണ്ടിയര്‍ ആര്‍മി) ആസ്ഥാനത്തേക്ക് പോകുമ്പോഴാണ് ആക്രമിച്ചതെന്നും ജീയാന്ത് ബലൂച് പറയുന്നു. മനുഷ്യബോംബായുള്ള ആക്രമണത്തില്‍ സൈന്യത്തിന്റെ ഒരു ബസ് പാടെ തകര്‍ന്നു. സൈന്യത്തിന്റെ രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിലും നിര്‍ഭയം മനുഷ്യബോംബ് ആക്രമണം നടത്തുകയും ചെയ്യുന്നതില്‍ ബലൂച് ലിബറേഷന്‍ ആര്‍മിയ്‌ക്കുള്ള വൈദഗ്ധ്യം ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടതായും സംഘടനാവക്താവ് പറയുന്നു.

നിഷ്കളങ്കരായ ബലൂച് ജനതയെ ആക്രമിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെയും സേനയുടെയും നിലപാടിനെതിരെയാണ് ഈ ആക്രമണം. ബലൂചിസ്ഥാനിലെ ഹൈവേകള്‍ പാക് സേനയ്‌ക്ക് സുരക്ഷിതമായ യാത്രാമാര്‍ഗ്ഗമല്ലാതായിരിക്കുകയാണ്.

താലിബാനും ആക്രമണം തുടരുന്നു

കഴിഞ്ഞ ദിവസം ഏകദേശം 15000 താലിബാന്‍ ഭീകരരാണ് പാകിസ്ഥാന്‍ അതിര്‍ത്തി പ്രവിശ്യയായ പക്തൂണ്‍ ഖ്വായിലേക്ക് മാര്‍ച്ച് നടത്തിയത്. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ താലിബാനും പാക് പട്ടാളവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. വെടിവെയ്പില്‍ പാകിസ്ഥാന്റെ 29 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ നിരവധി പട്ടാള പോസ്റ്റുകള്‍ താലിബാന്‍ ഭീകരസേന തകര്‍ത്തു. പക്തിയ പ്രവിശ്യയിലെ ദണ്ഡ്-ഇ-പതാന്‍ ജില്ലയിലുള്ള രണ്ട് പാകിസ്ഥാന്‍ പട്ടാള പോസ്റ്റുകള്‍ താലിബാന്‍ സേന പിടിച്ചെടുത്തു.

താലിബാന്‍ പാകിസ്ഥാനെ ആക്രമിച്ചത് എന്തിന്?

പാകിസ്ഥാനുള്ളില്‍ താലിബാന്‍ തീവ്രവാദികളുടെ അഴിഞ്ഞാട്ടം നിര്‍ത്താന്‍ വേണ്ടി പാക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. കഴിക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് പാക് സേന ജെറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയത്. തെഹ്റീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടനയുടെ തീവ്രവാദ പരിശീലനക്യാമ്പ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇവ അധികവും സ്ഥിതി ചെയ്യുന്നത് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ്. പാക് സേനയുടെ ഈ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ പാക് സേന നടത്തിയ ആക്രമണത്തെ താലിബാന്‍ ശക്തമായി അപലപിച്ചു. അതിന് പിന്നാലെയാണ് താലിബാന്‍ സേന പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്തത് പാക് സേനയെ ആക്രമിച്ചത്.

 

 

By admin