
പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പദ്മരാജൻ മാഷ് നിരപരാധിയാണെന്നത് പരസ്യമായ രഹസ്യമാണ്. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ചുള്ള പല ചർച്ചകളും നടക്കുന്നുണ്ട്. പൗരത്വ ബില്ലിനെ അനുകൂലിച്ചു പോസ്റ്റ് ഇട്ടതാണ് പപ്പൻ മാഷിനെ കുടുക്കാനുള്ള പ്രധാന കാരണമെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കോൺഗ്രസ് അനുഭാവിയായിരുന്ന എഴുത്തുകാരൻ കെ പി സുകുമാരൻ പറയുന്ന കുറിപ്പ് ഇങ്ങനെ,
രണ്ട് മൂന്ന് ദിവസമായി എനിക്ക് നേരാംവണ്ണം ഉറക്കമില്ല. അത് പാലത്തായിയിലെ പപ്പൻ മാഷിന്റെ വിധി ഓർത്തിട്ടാണ്. ഒരു മതക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് ജീവിയ്‌ക്കുന്ന ബി.ജെ.പി.യുടെ പ്രവർത്തകനായ പപ്പൻ മാഷ്, അദ്ദേഹം പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചുപോയി. ആ കുറ്റത്തിനാണ് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി മരണം വരെ ജയിലിൽ കഴിയാൻ വിധി വന്നിരിക്കുന്നത്.
അത് വരെ കോൺഗ്രസ്സിന് വേണ്ടി ദിവസവും പോസ്റ്റ് എഴുതിക്കൊണ്ടിരുന്ന ഞാൻ കോൺഗ്രസ്സ് വിട്ടത് പൗരത്വ നിയമഭേദഗതിയെ എതിർത്ത് കോൺഗ്രസ്സുകാർ പദയാത്രകൾ നടത്തിയപ്പോഴാണ്. അങ്ങേയറ്റത്തെ ഹിന്ദുവിരുദ്ധമായ നിലപാടായിരുന്നു അത്. മതപീഡനം സഹിക്കാൻ പറ്റാതെ പാക്കിസ്ഥാൻ , ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് അയൽ രാജ്യങ്ങളിൽ നിന്ന് വെറും കൈയ്യോടെ ഭാരതത്തിലേക്ക് ഓടിപ്പോന്ന ഹിന്ദു, കൃസ്ത്യൻ ,സിഖ്, മുതലായ മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ 11 വർഷം ഇവിടെ താമസിച്ചാൽ മാത്രമേ അപേക്ഷിക്കാൻ പറ്റൂ എന്ന നിയമത്തിൽ ഒരേയൊരു തവണ ആറ് വർഷം ഇളവ് കൊടുക്കുന്നതായിരുന്നു.
പൗരത്വ നിയമഭേഗതി. ആ ഇളവ് മതവിവേചനമാണെന്നും മേല്പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ മുസ്ലീങ്ങൾക്കും ഇളവ് നൽകണം എന്ന് പറഞ്ഞായിരുന്നു കോൺഗ്രസ്സ് പാർട്ടിയും പൗരത്വ നിയമ ഭേദഗതിയെ എതിർത്തത്. പീഡിതർക്കും പീഡകർക്കും ഒരേ നീതി വേണമെന്നോ? അതെനിക്ക് സഹിക്കാൻ പറ്റുന്നതല്ലായിരുന്നു.
തികച്ചും നിരപരാധിയായ പപ്പൻ മാഷിനെ കൃത്രിമത്തെളിവ് സൃഷ്ടിച്ച് മരണം വരെ ജയിലിലടക്കുന്ന വിധി വന്നപ്പോഴും ആ വിധി എന്റെ ഉറക്കം കെടുത്തുന്നു. എന്തൊരു ജംഗിൾരാജ് ആണിത്, എന്തൊരു കാട്ടുനീതിയാണിത്. ഒരു മതം വിചാരിച്ചാൽ, ഭരണ-പ്രതിപക്ഷ-മാധ്യമ സപ്പോർട്ട് ഉണ്ടെങ്കിൽ, പരാതിയും മൊഴിയും നൽകാൻ ഒരു വ്യാജ ഇരയും കൃത്രിമത്തെളിവ് ഉണ്ടാക്കാൻ മന:സാക്ഷിയില്ലാത്ത ഒരു പോലീസ് ഓഫീസറും ആ കൃതിമ തെളിവിന്റെ അടിസ്ഥാനത്തിൽ വിധി പറയാൻ ഒരു ജഡ്ജിയും ഉണ്ടെങ്കിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന ആരെയും പോക്സോവിൽ കുടുക്കി ജയിലിൽ കിടത്തി മരിപ്പിക്കാം. എന്തൊരു കെട്ട കാലമാണിത്. ആർക്കും ഒരു മന:സാക്ഷിയും ഇല്ലെന്നോ? ബി.ജെ.പി.ക്കാരന്റെ ചോര കുടിക്കാൻ ഇത്ര രസമോ?
മൂന്ന് നാല് അന്വേഷണ ടീമുകൾ എഴുതിത്തള്ളിയ കേസായിരുന്നു ഇത്. പരാതിയിൽ ഒരു കഴമ്പും ഇല്ല എന്നായിരുന്നു അവരുടെയൊക്കെ കണ്ടെത്തൽ. പരാതിയിൽ പറഞ്ഞ തീയതികളിൽ പപ്പൻ മാഷ് സംഭവസ്ഥലത്തേ ഇല്ലായിരുന്നു എന്ന് കണ്ടെത്തി. സ്കൂളിലെ കുറ്റിയും കൊളുത്തും ഇല്ലാത്ത ശുചിമുറിയിൽ വെച്ചായിരുന്നുവത്രെ പീഡനം. ശുചിമുറി കണ്ട ഒരു പോലീസുകാരനും അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അത്രമേൽ അവിശ്വനീയമായിരുന്നു പരാതിയും മൊഴിയും. ഇതൊരു കള്ളപ്പരാതിയാണെന്ന് നാട്ടുകാർ എല്ലാവർക്കും അറിയാം. പക്ഷെ ഒരു സംഘിയെ ക്രൂശിക്കാൻ കിട്ടുന്ന അവസരം എല്ലാവരും മൗനം കൊണ്ട് ആഘോഷിക്കുകയായിരുന്നു.
സംഘി എന്നാൽ മഹാഭീകരനും ഹമാസുകാർ മാലാഖന്മാരും ആണെന്നതാണല്ലോ കേരളത്തിലെ പൊതുബോധം. ഈ കേസിൽ പ്രതി എന്നാരോപിക്കപ്പെടുന്ന പത്മരാജൻ മാഷെ അറസ്റ്റ് ചെയ്യാൻ ഒരു തെളിവും ഇല്ല എന്ന് ഒരു പോലീസ് ഓഫീസർ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു. ആ ഓഫീസർ ഇപ്പോൾ വലിയ അയ്യപ്പ ഭക്തനാണ്. അദ്ദേഹം ഭക്തിയോടെ അയ്യപ്പശരണഗാനങ്ങൾ ഒക്കെ ആലപിക്കുന്നുണ്ട്. അദ്ദേഹത്തിന് പാപപുണ്യങ്ങളിൽ വിശ്വാസം ഉണ്ടെങ്കിൽ, ലവലേശം മന:സാക്ഷിക്കുത്ത് ഉണ്ടെങ്കിൽ പപ്പൻ മാഷ് നിരപരാധിയാണ് എന്ന് ഒന്ന് ഉറക്കെ പറഞ്ഞെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുകയാണ്.
പക്ഷെ പൊതുബോധത്തെ ധിക്കരിക്കാൻ അദ്ദേഹവും ഭയക്കുന്നുണ്ടാകാം. പോക്സോ കേസിൽ പെടുത്തിയാൽ കുറ്റാരോപിതൻ ശരിക്കും കുറ്റവാളിയാണെന്ന മുൻവിധിയാണ് ആളുകൾക്ക് ഉള്ളത്. ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന നിയമമാണ് പോക്സോ എന്ന് ഇതിനകം തെളിഞ്ഞതാണ്. പക വീട്ടാനാണ് ഈ നിയമം അധികവും ഉപയോഗിക്കുന്നത്. ഇതൊരു വല്ലാത്ത അവസ്ഥയാണ്.
കൊലക്കേസിലെ യഥാർത്ഥ കൊലയാളികളെ നിയമത്തിൽ നിന്ന് രക്ഷിക്കാൻ സർവ്വരിൽ നിന്നും പണം പിരിച്ച് കേസ് നടത്തി, സാക്ഷികളെ ഭീഷണിപ്പെടുത്തി, ഏത് വിധേനയും പ്രതികളെ രക്ഷിച്ചു കൊണ്ടുവരുന്ന ഒരു പ്രബല പാർട്ടിയുള്ള കേരളത്തിൽ നിരപരാധിയായ ഒരു സഹപ്രവർത്തകന് വേണ്ടി ചെറുവിരൽ അനക്കാൻ പോലും ബി.ജെ.പി. എന്ന പാർട്ടി തയ്യാറാകുന്നില്ല എന്നതാണ് ഖേദകരം. തലശ്ശേരിക്കോടതിയുടെ വിധി അന്തിമമല്ല.
കേരളത്തിലെ മേൽക്കോടതിയിൽ നിന്ന് പപ്പൻ മാഷിന് നീതി കിട്ടുമോ എന്നറിയില്ല. പക്ഷെ സുപ്രീം കോടതിയിൽ എത്തിയാൽ ഈ വിധി ചവറ്റുകൊട്ടയിൽ എറിയും എന്ന് ഉറപ്പാണ്. പക്ഷെ സുപ്രീം കോടതി വരെ പോകാൻ പപ്പൻ മാഷിന്റെ കുടുംബത്തിന് ആകുമോ, ബി.ജെ.പി. നേതൃത്വം ആ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വരുമോ എന്നാണ് മന:സാക്ഷി മരവിക്കാത്ത ചുരുക്കം ആളുകൾ ഉറ്റുനോക്കുന്നത്. പപ്പൻ മാഷിന്റെ അവസ്ഥ എന്നെ വല്ലാതെ വേട്ടയാടുന്നു, ഞാൻ എന്ത് ചെയ്യാനാണ്….