• Tue. Sep 9th, 2025

24×7 Live News

Apdin News

ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിലുള്ളൂ, പരസ്പരം ചെളി വാരിയെറിയരുത്: ദിലീപ്

Byadmin

Sep 8, 2025


പരസ്പരം ചെളി വാരിയെറിയാതെ പ്രശ്നങ്ങൾ സംഘടനയ്‌ക്കുള്ളിൽ തന്നെ പരിഹരിക്കണമെന്ന് നടൻ ദിലീപ്. ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിൽ ഉള്ളൂ. തുറന്നു സംസാരിക്കാൻ മാധ്യമങ്ങൾ പ്രകോപിപ്പിക്കും. എന്നാൽ, ഭരണസമിതിക്കുള്ളിൽ സംസാരിക്കുന്നതാണ് സംഘടനയുടെ അച്ചടക്കമെന്നും ദിലീപ് പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദിലീപ്.

ഒരുപാട് മീറ്റിങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. പല പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. സംഘടനാപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ സംഘടനകള്‍ അങ്ങോട്ടും ഇങ്ങോട്ടും കരി വാരിത്തേക്കുന്ന ചെളി വാരിയെറിയുന്ന സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ചില കാര്യങ്ങള്‍ വരുമ്പോള്‍ ഒരുമിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.

സംഘടനയ്‌ക്ക് അകത്ത് നിന്ന് സംസാരിക്കേണ്ട താര്യങ്ങള്‍ പുറത്ത് നിന്ന് സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. സംഘടനയുടെ ഭാഗമായ ഒരാള്‍ പുറത്തുപോയി നിന്ന് സംഘടനയ്‌ക്ക് നേരെ കല്ലെറിയുമ്പോഴാണ് ഉള്ളിലുള്ളവര്‍ ഓരോ വിഷയങ്ങളും അറിയുന്നത്. ഏതൊരു സംഘടനയുടേയും കാര്യങ്ങള്‍ നോക്കേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അപ്പോള്‍ അവര്‍ക്ക് അവരുടേതായ നിലപാട് എടുക്കേണ്ടി വരും.

ജനങ്ങള്‍ക്ക് മുമ്പില്‍ വാര്‍ത്തകള്‍ എത്തിക്കുന്നത് മാധ്യമങ്ങളാണ്. അവര്‍ നിങ്ങളെ പ്രകോപിപ്പിക്കും. എന്നാല്‍ സംഘടനയുടെ അച്ചടക്കം എന്ന് പറയുന്നത് ഭരണസമിതിക്കുള്ളില്‍ സംസാരിച്ച് പരിഹരിച്ചതിനുശേഷം ഒരൊറ്റ ശബ്ദമായി പുറത്തുവരണം എന്നതാണ്. ആരെയാണോ സംസാരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് അവര്‍ വന്ന് സംസാരിക്കണം.

എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ കാണുന്നത് ഏത് സംഘടനയില്‍ ആയാലും ഒരാള്‍ക്ക് എന്തെങ്കിലുമൊരു അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അവര്‍ നേരെ പോയി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നതാണ്. അത് മാറ്റിയെടുക്കണം. മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയല്ല. എന്റര്‍ടെയ്‌മെന്റ് ഇന്‍ഡസ്ട്രി വളരെ വലുതാണ്. അതിലെ ആളുകളെ തമ്മില്‍ തല്ലിക്കാതെ ഇരിക്കുക. ഇതൊക്കെ നമ്മുടെ അഭിമാനമായ കൂട്ടായ്‌മകളാണ്. മലയാള സിനിമ ഗംഭീരമായി മുന്നോട്ടു പോകട്ടെ.’-ദിലീപ് പറഞ്ഞു.



By admin