
തിരുവനന്തപുരം (23-12-2025): സർവകാല റെക്കോർഡുകൾ തകർത്ത് സ്വർണ വില. ഇന്ന് രാവിലെ ഒരു പവന് 101600 രൂപയായി കുതിച്ചുയർന്നു. ഇതാദ്യമായാണ് സ്വർണവിപണി ഒരുലക്ഷത്തിന് മുകളിൽ എത്തുന്നത്. ഒരു ഗ്രാമിന് ഇപ്പോൾ 12700 രൂപയാണ്. ഭൗമരാഷ്‌ട്രീയ പ്രശ്നങ്ങളും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വർണവിലയെ ഉയർത്തുന്നത്.
വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ടാണ് സ്വർണ വില കുത്തനെ കൂടിയത്. കേരളത്തിന്റെ വിപണി ചരിത്രത്തിൽ സ്വർണ്ണവില ഒരു ലക്ഷം കടക്കുന്നത് കേവലം ഒരു വിലവർദ്ധനവ് മാത്രമല്ല, സാമ്പത്തിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തൽ കൂടിയാണ്.
അടുത്ത ദിവസങ്ങളിൽ സ്വർണവില ലക്ഷം രൂപയ്‌ക്കടുത്ത് തുടരുകയായിരുന്നു. തിങ്കളാഴ്ച പവന് 1,440 രൂപ ഉയർന്ന് 99,840 രൂപയിലെത്തിയിരുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. നിലവിലെ വിലക്കുതിപ്പിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.13 ലക്ഷം രൂപയ്‌ക്കു മുകളിൽ നൽകണം.