തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന് ഡോ. എംകെ മുനീര്‍ എംഎല്‍എ. മാറാട് ഒരു വീട് നമ്പറില്‍ 327 വോട്ടുകള്‍ ചേര്‍ത്തു. സിപിഎം നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയ്ക്കും മുസ്‌ലിം ലീഗ് പരാതി നല്‍കി. 49/49 എന്നതാണ് കെട്ടിട നമ്പര്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വാടകയ്ക്ക് നല്‍കിയ കെട്ടിടമാണ് ഇത്. കെട്ടിട നമ്പര്‍ വീടിന്റേതാണ്. എന്നാല്‍ പിന്നീട് ഇത് കോമേഴ്സ്യല്‍ പര്‍പ്പസിനായി മാറ്റിയിരുന്നു. അങ്ങനെയാണ് ബാങ്കിന് പ്രവര്‍ത്തിക്കാന്‍ കെട്ടിടം വാടകയ്ക്ക് ലഭിച്ചത്.
മാറാട് 327 വോട്ടര്‍മാര്‍ ഉള്ള കെട്ടിട നമ്പറില്‍ പ്രവര്‍ത്തിക്കുന്നത് സഹകരണ ബാങ്കാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. വോട്ട് ചേര്‍ക്കാന്‍ സിപിഎമ്മിന്റെ കൃത്യമായ ഇടപെടല്‍ നടന്നു. സി.പിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും എം.എ റസാഖ് പറഞ്ഞു.