• Thu. Jan 8th, 2026

24×7 Live News

Apdin News

ഒരോ വ്യക്തിക്കും ഭാരത സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് സംഭാവന ചെയ്യാന്‍ കഴിയും: ഡോ. എല്‍. മുരുഗന്‍

Byadmin

Jan 7, 2026



കോട്ടയം: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക് സഹായകമായ നിലയില്‍ സംഭാവന ചെയ്യാന്‍ ഓരോ വ്യക്തിക്കും കഴിയുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുഗന്‍. കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓറഞ്ച് സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഓരോ വ്യക്തിക്കും ഒരു ക്രിയേറ്ററാകാനും, ഭാരത സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കാനും കഴിയും. വിദ്യാര്‍ത്ഥികളുമായി മന്ത്രി ആശയവിനിമയവും നടത്തി. മാധ്യമപ്രവര്‍ത്തനത്തിലെ അവരുടെ താത്പര്യ മേഖലകളെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ എന്ന നിലയിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.

മാധ്യമങ്ങളുടെയും ആശയവിനിമയത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപ്തി എടുത്തുകാണിച്ചുകൊണ്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, ആനിമേഷന്‍, പോസ്റ്റ്- പ്രൊഡക്ഷന്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ മേഖല പിന്തുടരാനാകുമെന്ന് ഡോ. മുരുഗന്‍ പറഞ്ഞു. ഭാരതം പോസ്റ്റ്- പ്രൊഡക്ഷന്‍ ജോലികള്‍ക്കുള്ള ഒരു ആഗോള കേന്ദ്രമായി വളര്‍ന്നിട്ടുണ്ടെന്നും, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങള്‍ ഹോളിവുഡ് സിനിമകളുടെ പോസ്റ്റ്- പ്രൊഡക്ഷന്റെ ഗണ്യമായ ഭാഗം കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ മേഖലയില്‍ മെച്ചപ്പെട്ട കരിയര്‍ രൂപപ്പെടുത്തുന്നതില്‍ ഐഐഎംസി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഐഐഎംസിയുടെ മുന്‍നിര സംരംഭമായ കോം- മ്യൂസിയം ഡോ. മുരുഗന്‍ സന്ദര്‍ശിച്ചു. ആശയവിനിമയത്തിന്റെയും മാധ്യമങ്ങളുടെയും ചരിത്രവും പരിണാമവും ഇത് സംക്ഷിപ്തമായി വിവരിക്കുന്നു. ‘ഏക് പേഡ് മാ കേ നാം’ കാമ്പെയ്നിന്റെ ഭാഗമായി കേന്ദ്ര സഹമന്ത്രി കാമ്പസ് പരിസരത്ത് വൃക്ഷത്തൈയും നട്ടു.

By admin