• Wed. Sep 9th, 2026

24×7 Live News

Apdin News

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

Byadmin

Sep 9, 2026


ന്യൂദല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കായി ഹാജരായത് രണ്ട് അഭിഭാഷകര്‍. ഒറിജിനല്‍ വക്കാലത്തല്ലാതെ എന്‍ഒസി നല്‍കാനാകില്ലെന്ന് മുന്‍ അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍. സര്‍വകലാശാല നിയമിച്ച പുതിയ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി കോടതിയിലെത്തിയത് വക്കാലത്തിന്റെ പകര്‍പ്പുമായി. പ്രിയ വര്‍ഗീസിന്റെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന പ്രകാരം കേസ് 23ലേക്ക് മാറ്റി.

ഈ മൂന്നിനാണ് സര്‍വകലാശാലയുടെ സുപ്രീംകോടതിയിലെ അഭിഭാഷകനായി സുല്‍ഫിക്കര്‍ അലിയെ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. സുല്‍ഫിക്കറിന് സര്‍വകലാശാല ഒറിജിനല്‍ വക്കാലത്ത് ഒപ്പിട്ട് നല്‍കിയില്ല. പകരം വക്കാലത്തിന്റെ പകര്‍പ്പ് ഇമെയില്‍ ചെയ്യുകയായിരുന്നു. വക്കാലത്ത് മാറ്റാന്‍ മുന്‍ അഭിഭാഷകന്റെ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി വേണം. ഒറിജിനല്‍ വക്കാലത്തിലല്ലാതെ എന്‍ഒസി നല്‍കാനാകില്ലെന്ന് മുന്‍ അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രനും നിലപാടെടുത്തതോടെ കേസ് വിളിച്ചപ്പോള്‍ സര്‍വകലാശാലയ്‌ക്കായി ഇരുവരും ഹാജരാവുകയായിരുന്നു.

ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്‌ണോയി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ തന്നെ സര്‍വകലാശാല അഭിഭാഷകന്‍ താനാണെന്നും വക്കാലത്തിടാന്‍ സമയം അനുവദിക്കണമെന്നും സുല്‍ഫിക്കര്‍ അലി കോടതിയെ അറിയിച്ചു. എല്ലാ നടപടികളും താന്‍ പൂര്‍ത്തിയാക്കിയതാണെന്നും അതിനാല്‍ വാദം തുടങ്ങാന്‍ താന്‍ തയാറാണെന്ന് സുഭാഷ് ചന്ദ്രനും അറിയിച്ചു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ പ്രിയ വര്‍ഗീസിന്റെ സീനിയര്‍ അഭിഭാഷകന്‍ കെ. പരമേശ്വരന്‍ അവധി ആവശ്യപ്പെട്ടു. താന്‍ മറ്റൊരു കോടതിയില്‍ കേസ് വാദിക്കുകയാണെന്നും അതിനാല്‍ കേസ് ഒരാഴ്ചത്തേക്ക് മാറ്റണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചു. യുജിസിയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഈ ആവശ്യം അംഗീകരിച്ചു. ഇതോടെ സപ്തംബര്‍ 23ലേക്ക് കേസ് മാറ്റുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ സുപ്രീം കോടതിയില്‍ നിന്നു സര്‍വകലാശാലയ്‌ക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വരുമായിരുന്നു. കെ.കെ. രാഗേഷിന്റെ അടുത്ത അനുയായിയായ സുഭാഷ് ചന്ദ്രന്‍ കെ.ആറിന് തന്നെ വക്കാലത്ത് നിലനിര്‍ത്താനുള്ള സര്‍വകലാശാലയുടെ നീക്കമാണ് പുതിയ അഭിഭാഷകനെ നിയമിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒറിജിനല്‍ വക്കാലത്ത് ലഭ്യമാക്കാത്തതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.



By admin