• Wed. Sep 23rd, 2026

24×7 Live News

Apdin News

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Byadmin

Sep 23, 2026


കൊല്‍ക്കത്ത: ബംഗാളില്‍ മീന്‍പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടിയത് ആനക്കുട്ടിയെ. ടീസ്റ്റ നദിയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ ആനക്കുട്ടിയെ രക്ഷിച്ചത്. ജല്‍പൈഗുരിയിലെ ഗജോള്‍ഡോബ ബാരേജില്‍ വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്നാണ് ആനക്കുട്ടി ഒഴുക്കില്‍പ്പെട്ടത്. ഏകദേശം അഞ്ച് കിലോമീറ്ററോളം കുട്ടിയാന നദിയിലൂടെ ഒഴുകി.

മീന്‍ പിടിക്കുന്നതിനിടെയാണ് ആനക്കുട്ടി മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അവശനായ ആനക്കുട്ടിയെ അഞ്ച് പേരും ചേര്‍ന്ന് വള്ളത്തിലേക്ക് വലിച്ചുകയറ്റി. തുടര്‍ന്ന് കാദംബരി മേഖലയിലെത്തിച്ച ആനക്കുട്ടിയെ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. വിശദമായ പരിശോധനകള്‍ക്ക് ശേഷം ആനക്കുട്ടിയെ തുറന്നുവിട്ടു. മൂന്നോ നാലോ ദിവസം മാത്രമാണ് ആനക്കുട്ടിയുടെ പ്രായം.

മോചിപ്പിച്ച കുട്ടിയാന അമ്മയുമായി ഒന്നിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥനാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ആനക്കുട്ടിയെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിഫലം നല്‍കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



By admin