
ന്യൂദല്‍ഹി: ദല്‍ഹി എന്ന തലസ്ഥാനനഗരിയെ ഒ.വി. വിജയന്‍ എന്ന എഴുത്തുകാരന്‍ തന്റെ ദീര്‍ഘദര്‍ശിത്വം കൊണ്ട് ‘ഇന്ദ്രപ്രസ്ഥം’ എന്ന് വിളിച്ചിരുന്നു. പണ്ട് വിജയന്‍ ദല്‍ഹി രാഷ്‌ട്രീയം നിരീക്ഷിച്ചുകൊണ്ട് എഴുതിയ കോളത്തിന്റെ പേര് തന്നെ ഇന്ദ്രപ്രസ്ഥം എന്നായിരുന്നു. മഹാഭാരതത്തില്‍ പാണ്ഡവരുടെ രാജ്യത്തിന്റെ തലസ്ഥാനനഗരിയായിരുന്നു ഇന്ദ്രപ്രസ്ഥ. ഈ ചരിത്രബോധമായിരിക്കാം വിജയനെ തന്റെ ദല്‍ഹിയെക്കുറിച്ചുള്ള കോളത്തിന് ആ പേര് നല്‍കാന്‍ പ്രേരിപ്പിച്ചത്.
ഇപ്പോഴിതാ ഇന്ത്യയുടെ തലസ്ഥാനമായ ദൽഹിയുടെ പേര് മാറ്റി ‘ഇന്ദ്രപ്രസ്ഥം’ എന്നാക്കാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്. മഹാഭാരത കാലഘട്ടവുമായും ഇന്ത്യയുടെ പ്രാചീന നാഗരിക ചരിത്രവുമായും ആഴത്തിൽ ബന്ധപ്പെട്ട പേരാണ് ഇന്ദ്രപ്രസ്ഥമെന്ന് ബി.ജെ.പി എം.പി പ്രവീൺ ഖണ്ഡേൽവാൾ. അദ്ദേഹമാണ് ഈ നിർദ്ദേശം ഔദ്യോഗികമായി മുന്നോട്ടുവെച്ചത്.
‘ഇന്ദ്രപ്രസ്ഥം’ എന്ന് പുനർനാമകരണം ചെയ്യുന്നത് തലസ്ഥാനത്തെ അതിന്റെ പൗരാണിക സാംസ്കാരിക വേരുകളുമായും ചരിത്രപരമായ സ്വത്വവുമായും വീണ്ടും ബന്ധിപ്പിക്കുമെന്ന് പ്രവീൺ ഖണ്ഡേൽവാൾ വാദിക്കുന്നു. ഈ നീക്കം ഇന്ത്യയുടെ നാഗരിക പൈതൃകത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം ശക്തിപ്പെടുത്തുമെന്നും, ആധുനിക തലസ്ഥാനത്തെ അതിന്റെ ഐതിഹാസിക ഭൂതകാലവുമായി പ്രതീകാത്മകമായി ബന്ധിപ്പിക്കുമെന്നും അനുകൂലിക്കുന്നവർ വിശ്വസിക്കുന്നു.