
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓക്സിജന്‍ മഹാ പ്രതിഭാ പുരസ്‌കാരങ്ങള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ക്കാണ് അവാര്‍ഡ്.
എഴുത്തുകാരി കെ.ആര്‍. മീര, സാമൂഹ്യ പ്രവര്‍ത്തക ദയാഭായി, കായിക താരം അഞ്ജു ബോബി ജോര്‍ജ്, എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വിസി ഡോ. സാബു തോമസ്, നടനും നിര്‍മാതാവുമായ പ്രേം പ്രകാശ് എന്നിവര്‍ക്കാണ് പുരസ്‌കാരം. 50,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 18ന് പാലാരിവട്ടം റിനൈ കൊച്ചിന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
25-ാം വാര്‍ഷിക നിറവില്‍ സമൂഹത്തോടുള്ള പ്രതിബദ്ധതയും കേരളജനത നല്‍കിയ പിന്തുണയ്‌ക്ക് നന്ദി കൂടിയാണ് പ്രഗത്ഭ വ്യക്തികളെ ആദരിക്കുന്നതിലൂടെ പ്രകടിപ്പിക്കുന്നതെന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ഓക്സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ കെ. തോമസ് പറഞ്ഞു.
സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ള, ഡോ. പോള്‍ മണലില്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ ഓക്സിജന്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ. തോമസും സന്നിഹിതനായിരുന്നു.