തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷ സമാപനം നാളെ തിരുവനന്തപുരം ജില്ലയിൽ നടത്തപ്പെടും. വൈകിട്ട് നാല് മണിക്ക് മാനവീയം വീഥിയിൽ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കിഴക്കേക്കോട്ടയിൽ സമാപിക്കും. ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ തോംസൺ ജോസ് അറിയിച്ചു.
നിയന്ത്രണങ്ങൾ
റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്.
നിർത്തിയിട്ട് പോകുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ, വെള്ളയമ്പലം, മ്യൂസിയം, എൽഎംഎസ്, സ്റ്റാച്യു, ഓവർ ബ്രിഡ്ജ്, പഴവങ്ങാടി, കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട, ഈഞ്ചക്കൽ, കല്ലുമ്മൂട് വരെ റോഡിൽ വാഹനം നിർത്തിയിടാൻ അനുവദിക്കുന്നതല്ല.
നിശ്ചലദൃശ്യങ്ങൾ കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചയ്‌ക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങരയിലേക്കോ വാഹനങ്ങൾ കടത്തിവിടില്ലെന്നും അറിയിപ്പുണ്ട്.
വാഹനങ്ങൾ പോകേണ്ട വഴി
കഴക്കൂട്ടത്ത് നിന്ന് ഉള്ളൂർ വഴി നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ് – പാറ്റൂർ – ജനറൽ ആശുപത്രി – ബേക്കറി ഫ്ളൈ ഓവർ വഴി തമ്പാനൂരിലേക്ക് പോകണം.
എംസി റോഡിൽ നിന്ന് തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണ്ണന്തല – കുടപ്പനക്കുന്ന് – പേരൂർക്കട – ഇടപ്പഴിഞ്ഞി – വഴുതയ്‌ക്കാട് – തൈക്കാട് വഴിയോ അമ്പലംമുക്ക് – ഊളമ്പാറ – ഇടപ്പഴിഞ്ഞി – വഴുതയ്‌ക്കാട് – തൈക്കാട് വഴിയോ പോകണം.
പട്ടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൊട്ടക്കുഴി – മുറിഞ്ഞപാലം -കുമാരപുരം -കണ്ണമ്മൂല – നാലുമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ബേക്കറി ഫ്ളൈ ഓവർ വഴിയും ചെറിയ വാഹനങ്ങൾ മരപ്പാലം – കവടിയാർ – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്എംസി – തൈക്കാട് വഴിയും പോകണം.
പേരൂർക്കട ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്എംസി – വഴുതയ്‌ക്കാട് – തൈക്കാട് വഴി പോകേണ്ടതാണ്.
പേട്ട ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് വഞ്ചിയൂർ – ഉപ്പിടാംമൂട് – തകരപ്പറമ്പ് ഫ്ളൈഓവർ – കിള്ളിപ്പാലം വഴി പോകാം.
തിരുവല്ലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം -ചൂരക്കാട്ടുപാളയം വഴി പോകണം.
കിഴക്കേക്കോട്ടയിൽ നിന്ന് ചാക്ക ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര – ഈഞ്ചയ്‌ക്കൽ -ചാക്ക വഴിയാണ് പോകേണ്ടത്.
കിഴക്കേക്കോട്ടയിൽ നിന്ന് തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം വഴി പോകണം.
കിഴക്കേക്കോട്ടയിൽ നിന്നും സർവീസ് ആരംഭിക്കേണ്ട ബസുകൾ അട്ടക്കുളങ്ങര – മണക്കാട് റോഡിലും അട്ടക്കുളങ്ങര – കിള്ളിപ്പാലം റോഡിലും വരിയായി പാർക്ക് ചെയ്ത് സർവീസ് നടത്തുക.
തമ്പാനൂർ ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ ഫ്ലൈഓവർ – കിള്ളിപ്പാലം വഴി പോകേണ്ടതാണ്.