• Tue. Sep 9th, 2025

24×7 Live News

Apdin News

ഓണാഘോഷത്തിനിടെ സംഘര്‍ഷം; മൂന്നുപേര്‍ക്ക് വെട്ടേറ്റു

Byadmin

Sep 9, 2025


തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി കടന്നു കയറി യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ക്കു ഗുരുതരമായി വെട്ടേറ്റു. സംഭവത്തില്‍ നാലുപേരെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തു. ചിറയിന്‍കീഴ് ഈഞ്ചയ്ക്കല്‍ പാലത്തിനു സമീപം ആറ്റുവരമ്പില്‍ തിട്ടവീട്ടില്‍ പ്രവീണ്‍ലാല്‍(34), ഈഞ്ചയ്ക്കല്‍ അനന്തന്‍തിട്ടവീട്ടില്‍ ഉണ്ണി(28), ആറ്റുവരമ്പ് വയല്‍തിട്ടവീട്ടില്‍ കിരണ്‍പ്രകാശ്(29), ഈഞ്ചയ്ക്കല്‍ വയല്‍തിട്ട വീട്ടില്‍ ജയേഷ്(24) എന്നിവരാണു പൊലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരമണിയോടെയാണു സംഭവം. ചിറയിന്‍കീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവന്ന ഓണാഘോഷങ്ങള്‍ക്കിടെയാണ് ആക്രമണമുണ്ടാത്. മദ്യപിച്ചെത്തിയ അക്രമിസംഘം പരിപാടികള്‍ കാണാനിരുന്ന നാട്ടുകാര്‍ക്കിടയിലേക്കു ബൈക്കുകള്‍ ഓടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു സ്ത്രീകളടക്കമുള്ളവരെ അസഭ്യംവിളിച്ചു വാളുകാട്ടി ഓടിക്കാന്‍ ശ്രമിച്ചു. സംഘാടകരില്‍ ചിലര്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതു സംഘര്‍ഷം വര്‍ധിപ്പിച്ചു.

ഇരുവിഭാഗമായിത്തിരിഞ്ഞുള്ള സംഘര്‍ഷത്തിനിടെ ചിറയിന്‍കീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടില്‍ അച്ചുലാല്‍(35) കുറട്ടുവിളാകം കല്ലുതട്ടില്‍ വീട്ടില്‍ അജിത്ത്(37), പിന്തിരിപ്പിക്കാന്‍ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ(37) എന്നിവരെ വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ചുലാലിനെയും അജിത്തിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹൃദ്രോഗി കൂടിയായ മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

By admin