കോഴിക്കോട്: നാട് മുഴുവന്‍ ലഹരിയില്‍ മുങ്ങുമ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന സര്‍ക്കാര്‍ നീക്കം എന്ത് വില കൊടുത്തും തടയുമെന്ന് ലഹരി നിര്‍മാര്‍ജ്ജന സമിതി. നാടിന്റെ ഭാവി പോലും പരിഗണിക്കാതെയാണ് ഇടത് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ലഹരി നിര്‍മാര്‍ജന സമിതി (എല്‍.എന്‍.എസ് ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആരോപിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനം ഗൗരവമായി കാണണമെന്നും ഓണ്‍ലൈന്‍ വഴിയില്‍ എളുപ്പത്തിലും വേഗത്തിലും മദ്യം എത്തിച്ചു കൊടുക്കുന്ന ഉദാരമായ നയസമീപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സമാധാന അന്തരീക്ഷം അതുവഴി പൂര്‍ണമായി തകരുമെന്നും ഇതിനെതിരെയുള്ള പോരാട്ടം ഓരോ പൗരന്റെയും ധാര്‍മിക ബാധ്യതയുമാണെന്നും കമാല്‍ അഭിപ്രായപ്പെട്ടു.
നേരത്തെ ലഹരി ഉപയോഗം പരിമിതമായ മേഖലകളില്‍ ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ ഇന്ന് വിദ്യാര്‍ത്ഥികളിലും സ്ത്രീ പുരുഷ ഭേദമന്യേ സമൂഹം വ്യാപകമായി ലഹരിയുടെ വലയത്തില്‍ അകപ്പെട്ടിട്ടുണ്ട്. കൃത്യമായ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തന പദ്ധതികളും ബോധവല്‍ക്കരണവും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ സംഘടനകളും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത് നിര്‍ബന്ധമാണ്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യഷ്യം വഹിച്ചു.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജനുവരിയോടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനും സ്‌കൂള്‍ ഉന്നത കോളേജ്തലം വരെയുള്ള കുട്ടികള്‍ക്ക് ബോധവല്‍ക്കരണം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ‘ബോധം ക്യാമ്പയിന്‍’ കൂടുതല്‍ ജനകീയമാക്കുന്നതിനും തീരുമാനിച്ചു സയ്യിദ് ഫസല്‍ ജിഫ്രിതങ്ങള്‍, ഉമര്‍ വിളക്കോട്, എ ഹമീദ് ഹാജി, കെ ഇ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ജലീല്‍ കെ ടി, അബ്ദുല്‍ ലത്തീഫ് ഇ കെ, എം ഹമീദ് ഹാജി, ഖാദര്‍ മുണ്ടേരി, മജീദ് കോടമ്പുഴ, ഷാനവാസ് ടി, കാളാക്കല്‍ മുഹമ്മദ് അലി, സുബൈര്‍ നെല്ലോളി, മജീദ് ഹാജി വടകര, ബാപ്പു ഹാജി താനൂര്‍, എന്‍ കെ അബ്ദുല്‍ ജലീല്‍, മുഹമ്മദ് അലി വി കെ, എ എം എസ് അലവി, നവാസ് എറണാകുളം എന്നിവര്‍ സംസാരിച്ചു. എം കെ എ ലത്തീഫ് സ്വാഗതവും, ജമാലുദ്ധീന്‍ നന്ദിയും പറഞ്ഞു.