പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ,എസ് ജയശങ്കർ, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പാര്‍ലമെന്റില്‍ ചേരുന്ന യോഗത്തിൽ പങ്കെടുക്കാനായി എത്തി. സൈന്യത്തിന്റെ തുടര്‍നീക്കങ്ങളും യോഗത്തിൽ ചര്‍ച്ചയാകും. പാക് സംഘർഷത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു. കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് വിശദീകരിച്ചു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ബുധനാഴ്ച പുലർച്ചെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും 9 ഭീകരപരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തത്. പുലർച്ചെ 1.05 മുതൽ 1.30 വരെ നീണ്ടുനിന്ന 24 ആക്രമണങ്ങളായിരുന്നു ഇന്ത്യ നടത്തിയതെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മിസൈൽ ആക്രമണത്തിനു തൊട്ടുപിന്നാലെ, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ (എൽഒസി) ഗ്രാമങ്ങളെ ലക്ഷ്യം വച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ ഷെൽ ആക്രമണമാണ് നടന്നത്. പാക്ക് ഷെൽ ആക്രമണത്തിൽ 12 നാട്ടുകാരും ഒരു സൈനികനും കൊല്ലപ്പെട്ടു.
അതേസമയം, നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കര്‍ണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.