സാന്‍ഫ്രാന്‍സിസ്‌കോ: നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് സംഗീതം സൃഷ്ടിക്കുന്ന പുതിയ ടൂള്‍ പുറത്തിറക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി സൂചന. ടെക്സ്റ്റ്, ഓഡിയോ നിര്‍ദ്ദേശങ്ങള്‍ നല്‍കി മൗലിക സംഗീതം, സൗണ്ട് ട്രാക്കുകള്‍, ഉപകരണ സംഗീതം എന്നിവ സൃഷ്ടിക്കാന്‍ കഴിയുന്ന ഈ ജനറേറ്റീവ് മ്യൂസിക് ടൂള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ടൂള്‍ ചാറ്റ്ജിപിടി, സോറ പോലുള്ള പ്ലാറ്റ്ഫോമുകളിലേയ്ക്ക് സംയോജിപ്പിക്കുമോ, അല്ലെങ്കില്‍ പ്രത്യേകമായ ആപ്ലിക്കേഷനായി പുറത്തിങ്ങുമോ എന്നതിനെക്കുറിച്ച് ഇപ്പോഴും ഔദ്യോഗിക വിശദീകരണമില്ല. മള്‍ട്ടി വോക്കല്‍ ട്രാക്ക് ജനറേഷന്‍, എ.ഐ. സഹായത്തോടെ മിക്സിംഗ്, ഓട്ടോമാറ്റിക് മാസ്റ്ററിംഗ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. പ്രശസ്തമായ ജൂലിയാര്‍ഡ് സ്‌കൂളിലെ സംഗീതവിദ്യാര്‍ത്ഥികളാണ് ഈ മോഡലിന് പരിശീലന ഡാറ്റ നല്‍കുന്നത്. സംഗീതത്തിലെ പാറ്റേണുകളും വികാരപ്രകടനങ്ങളും എഐ പഠിക്കാനും കഴിയുമെന്നാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യം. ഓപ്പണ്‍എഐയുടെ മുന്‍ പദ്ധതികളായ മ്യൂസ്നെറ്റ്, ജാക്ക്ബോക്സ് (2020) എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയ ടൂള്‍. സംഗീതരംഗത്തേക്ക് ഓപ്പണ്‍എഐ വീണ്ടും കടന്നുവരുന്നത് ഗൂഗിള്‍, സുനോ തുടങ്ങിയ ടെക് കമ്പനികളുമായുള്ള മത്സരം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന സംഗീതത്തെ ചുറ്റിപ്പറ്റി പകര്‍പ്പവകാശം, ധാര്‍മികത, സര്‍ഗാത്മക ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ത്ഥ സംഗീതജ്ഞര്‍ക്കും സൃഷ്ടികള്‍ക്കും അര്‍ഹമായ അംഗീകാരവും പ്രതിഫലവും ഉറപ്പാക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.