കൊച്ചി : ഓപ്പറേഷന്‍ നുംഖുറിന്റെ ഭാഗമായി ബുധനാഴ്ച രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തു. കുണ്ടന്നൂരില്‍ നിന്ന് പിടിച്ചെടുത്തത്ത് ഫസ്റ്റ് ഓണര്‍ വാഹനമാണെന്ന് കസ്റ്റംസ് അറിയിച്ചു. കേരളത്തില്‍ നിന്ന് പിടികൂടുന്ന ആദ്യത്തെ ഫസ്റ്റ് ഓണര്‍ വാഹനമാണിത്.
ലാന്‍ഡ് ക്രൂയിസര്‍ ആണ് കസ്റ്റംസ് പിടിച്ചെടുത്തത്. അസം സ്വദേശിയായ മാഹിന്റെ പേരില്‍ അരുണാചല്‍ പ്രദേശിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .എന്നാല്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജ മേല്‍വിലാസത്തിലെന്നാണ് സൂചന.
അടിമാലിയില്‍ നിന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും തിരുവനന്തപുരം സ്വദേശിയുമായ ശില്‍പ്പയുടെ ലാന്‍ഡ് ക്രൂയിസര്‍ കാറും കസ്റ്റംസ് പിടികൂടി.
കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഐഎയും ഇഡിയും വിവരശേഖരണം തുടങ്ങി. ഭൂട്ടാനില്‍ നിന്നടക്കം അനധികൃതമായി ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തില്‍ എത്തിച്ചിട്ടുളളത്.38 വാഹനങ്ങള്‍ ഇതിനോടകം കണ്ടെത്തി.ബാക്കിയുളളവ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് കസ്റ്റംസ്.
നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളില്‍ രണ്ടെണ്ണം പിടിച്ചെടുത്തു. രജിസ്‌ട്രേഷനായി മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലും ക്രമക്കേട് നടത്തിയെന്ന സംശയവും കസ്റ്റംസിനുണ്ട്. തന്റെ ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തതെന്നും മറ്റ് ആറു വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്നും നടന്‍ അമിത് ചക്കാലക്കല്‍ പറഞ്ഞു.