ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വ്യോമസേന 5 പാക് എഫ്-15 വിമാനങ്ങള്‍ തകര്‍ത്തുവെന്നും, ജാക്കോബോബാദ് എയര്‍ബേസിലെ ഹാങ്കര്‍ ഉള്‍പ്പെടെയുള്ള യന്ത്രസാധനങ്ങളും നശിച്ചതായും എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് അറിയിച്ചു.
93-ാമത് വ്യോമസേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം, പാകിസ്ഥാന്റെ 300 കിലോമീറ്ററിനുള്ളില്‍ അവരുടെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കി. ഒപ്പം, ആക്രമണം വളരെ വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിച്ച് വലിയ സംഘര്‍ഷത്തിലേക്ക് പോകാതെ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
എഫ്-16, ജെഎഫ്-17 വിമാനങ്ങള്‍ ഉള്‍പ്പെടെ പാകിസ്ഥാന് നഷ്ടപ്പെട്ടത് ഏകദേശം 10 വിമാനങ്ങള്‍ ആണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ അവകാശപ്പെട്ടു. ഇന്ത്യയുടെ നടപടികള്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് പ്രേരണ നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.