ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് പിന്നില്‍ വലിയൊരു വികാരമുണ്ട്. അതില്‍ വിധവകളായിത്തീര്‍ന്നതിന്റെ വേദനയും അതിനോട് പ്രതികാരം ചെയ്തപ്പോള്‍ കിട്ടീയ ആശ്വാസവും ഉണ്ട്. ശിരസ്സിലെ മൂര്‍ദ്ധാവില്‍ തൊടുന്ന സിന്ദൂരം. അത് വിവാഹിതയായ ഹിന്ദു സ്ത്രീയുടെ അവകാശമാണ്. പക്ഷെ വിധവയായാല്‍ അവള്‍ അത് മായ്ച്ചു കളയും. ജീവിതത്തിന്റെ നിറം നഷ്ടമായതിന്റെ പ്രതീകം.
ഇപ്പോഴിതാ ഇന്ത്യന്‍ സേന നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നിലെ വികാരവിക്ഷോഭങ്ങള്‍ അടുക്കിവെച്ചാല്‍ കോടികള്‍ കൊയ്യാവുന്ന സിനീമയാക്കമെന്ന് പലരും ചിന്തിച്ചു. ഈ പേരിന് രജിസ്ട്രേഷന്‍ സ്വന്തമാക്കാന്‍ റിലയന്‍സിന്റെ മുകേഷ് അംബാനി ഉള്‍പ്പെടെ പലരും പോയി. ഒരു ബോളിവുഡ് സംവിധായകന്‍ മുന്‍പിന്‍ നോക്കാതെ ഒരു പോസ്റ്റര്‍ കൂടി തയ്യാറാക്കി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഒരു സിനിമയും പ്രഖ്യാപിച്ചു.
ഉത്തം മഹേശ്വരി എന്ന സംവിധായകനാണ് ഈ സിനിമ പ്രഖ്യാപിച്ചത്. ഒപ്പം തയ്യാറാക്കിയ പോസ്റ്ററില്‍ ഒരു സൈനികയായ യുവതിയെ കാണാം. പട്ടാള യൂണിഫോമിട്ട ഈ പെണ്‍കുട്ടിയുടെ ഒരു കയ്യില്‍ തോക്കുണ്ടെങ്കില്‍ മറുകൈയിലെ വിരല്‍ കൊണ്ട് അവള്‍ സിന്ദൂരം ചാര്‍ത്തുന്നതാണ് ഈ പോസ്റ്റര്‍. എന്നാല്‍ ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ട്രോളുകളുടെ പ്രവാഹമായിരുന്നു. ചിലര്‍ അതിക്രൂരമായി വിമര്‍ശിക്കുകയും ചെയ്തു. പിന്നാലെ മാപ്പ് പറഞ്ഞ് സംവിധായകന്‍ തടിതപ്പി.
ആരും ഈ പേര്‍ സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാരോ സൈന്യമോ സമ്മതിക്കുമെന്ന് തോന്നുന്നില്ല. അത്രമാത്രം വികാരവായ്പാണ് ഈ പേര് ഓരോ ഇന്ത്യക്കാരനും ഓരോ സ്ത്രീയ്‌ക്കും നല്‍കുന്നത്.