ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാകിസ്ഥാന്‍ നടത്തിയ ഷെല്ലിംഗില്‍ കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ 15 നാട്ടുകാര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പൂഞ്ചില്‍ അതിര്‍ത്തിയിലെ മലമുകളില്‍ നിന്ന് പാക് സൈനികര്‍ നിരപരാധികളായ കശ്മീരികള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. അഞ്ച് വീടുകള്‍ തകര്‍ന്നു. പ്രദേശത്തെ സലാമാബാദ് ഗ്രാമത്തിലാണ് പാക് ആക്രമണം നാശം വിതച്ചത്. പ്രദേശത്തുളളവര്‍ സ്ഥലം വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലെ ഭവല്‍ പൂര്‍, മുറിട്‌കേ, സിലാല്‍കോട്ട്, കോട്‌ലി, ഭിംബീര്‍, ടെഹ്‌റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്.
ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബത്തിലെ 10 പേരും ഉറ്റ അനുയായികളായ നാല് പേരും കൊല്ലപ്പെട്ടു. 32 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 90 പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.