ഒൻ്റാറിയോ : പാകിസ്ഥാനെതിരെ നടന്ന ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അനിവാര്യമാണെന്ന് പ്രവാസിയായ അഫ്ഗാൻ പാർലമെന്റേറിയൻ മറിയം സുലൈമാൻഖിൽ പറഞ്ഞു. പാകിസ്ഥാൻ, ഭീകരതയ്‌ക്ക് ജന്മം നൽകുകയും കശ്മീരിലെ നിരപരാധികളെ കൊല്ലുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.
ഇന്ത്യയുടെ നടപടി വളരെ ഉത്തരവാദിത്തമുള്ളതാണ്. ഭീകര കേന്ദ്രങ്ങൾ, ഭീകര ക്യാമ്പുകൾ, സൈന്യം ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന സ്ഥലങ്ങൾ എന്നിവയ്‌ക്കെതിരെ ഇന്ത്യൻ സൈന്യം നടപടിയെടുത്തതിനെ പ്രകീർത്തിക്കുന്നുവെന്നും അവർ പറഞ്ഞു. ഇത് സംബന്ധിച്ച് സുലൈമാൻഖിൽ തന്റെ എക്സ് അക്കൗണ്ടിൽ കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു.
“എന്റെ ട്വീറ്റ് വെറുമൊരു രാഷ്‌ട്രീയ പ്രസ്താവന മാത്രമായിരുന്നില്ല, അതൊരു ജീവിക്കുന്ന സത്യമായിരുന്നു. ഐഎസ്‌ഐ ഭീകരതയുടെ നിഴലിൽ ഞാൻ ജീവിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഞാൻ അത് നേരിട്ട് കണ്ടിട്ടുണ്ട്, അതിന്റെ വേരുകൾ എവിടെയാണെന്ന് എനിക്ക് നന്നായി മനസ്സിലാകും,” – സുലൈമാൻഖിൽ പറഞ്ഞു.
ഇതിനു പുറമെ പാകിസ്ഥാൻ പതിറ്റാണ്ടുകളായി കള്ളം പറയുകയാണെന്നും സർക്കാരും ഐഎസ്‌ഐയും അതുതന്നെയാണ് ചെയ്യുന്നതെന്നും സുലൈമാൻഖിൽ ആരോപിച്ചു. “കഴിഞ്ഞ 77 വർഷമായി ഇന്ത്യ സംസാരിച്ചുവരുന്ന അതേ വിഷയങ്ങളാണ് ഇപ്പോഴും ഇന്ത്യ സംസാരിക്കുന്നത്. പാകിസ്ഥാൻ നുണകൾ പ്രചരിപ്പിക്കുകയാണ്, അവരുടെ ഓൺലൈൻ ട്രോൾ ഫാമുകളും അവരുടെ പണമടച്ചുള്ള മാധ്യമങ്ങളും ഇത് പ്രചരിപ്പിക്കുന്നു. അവരുടെ സ്വന്തം ഐഎസ്‌ഐയും നേതൃത്വവും വിദേശകാര്യ മന്ത്രിയും പോലും നുണകൾ പ്രചരിപ്പിക്കുന്നു”, – അവർ പറഞ്ഞു.
ഇതിനു പുറമെ ബലൂചിസ്ഥാനിലെ ജനങ്ങളെക്കുറിച്ചും സുലൈമാൻഖിൽ പരാമർശിച്ചു. ബലൂച്, പഷ്തൂൺ, സിന്ധി, പഞ്ചാബി എന്നിവരെല്ലാം സൈനിക സ്വേച്ഛാധിപത്യത്തിൽ മടുത്തുവെന്ന് അവർ പറഞ്ഞു. നിലവിൽ ജയിലിലുള്ള ബലൂച് ആക്ടിവിസ്റ്റ് മഹ്രംഗ് ബലൂച്ചിന്റെ ഉദാഹരണം അവർ ചൂണ്ടിക്കാട്ടി.
അതേസമയം ഒസാമ ബിൻ ലാദൻ, ലഷ്‌കർ-ഇ തൊയ്ബ ഭീകരർ എന്നിവരെ പാകിസ്ഥാനിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നുണ്ടെന്ന് അവർ കുറ്റപ്പെടുത്തി. ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി ആളുകൾ അപ്രത്യക്ഷരാകുകയും കൊലപാതകങ്ങൾ നടക്കുകയും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും, അവിടത്തെ ജനങ്ങൾ ഇപ്പോഴും പട്ടിണിയും ദരിദ്രരുമാണെന്ന് സുലൈമാൻഖിൽ പറഞ്ഞു.
ഇതിനു പുറമെ പാകിസ്ഥാനും തങ്ങളുടെ ജനങ്ങളെ തീവ്രവാദത്തിന്റെ ദുരിതത്തിലാക്കുന്നുണ്ടെന്ന് സുലൈമാൻഖിൽ പറഞ്ഞു. പാകിസ്ഥാൻ ഇപ്പോൾ ഭീകരതയ്‌ക്ക് പേരുകേട്ടതാണ്, സ്വന്തം ജനങ്ങളുടെ മേൽ ഭീകരത അടിച്ചേൽപ്പിക്കുകയാണെന്നും സുലൈമാൻഖിൽ കൂട്ടിച്ചേർത്തു.