കൊല്ലം: ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പൂക്കളമിട്ടവർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്. ശാസ്താംകോട്ട സ്വദേശിയും മുൻ സൈനികനുമായ ശരതിനെ ഒന്നാം പ്രതിയും നിലവിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന അശോകനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂർ എന്ന വാക്ക് ഇല്ലാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂക്കളത്തിൽ കാവി കൊടിവച്ചത് കലാപം സൃഷ്ടിക്കാനാണെന്നും എഫ്ഐആറിൽ പറയുന്നു. പൂക്കളത്തിന് 50 മീറ്റർ അകലെ വച്ചിരിക്കുന്ന ഛത്രപതി ശിവജി മഹാരാജിന്റെ ഫ്ലക്സിന്റെ വിവരങ്ങളും എഫ്ഐആറിലുണ്ട്. എന്നാൽ എത്ര കേസ് എടുത്താലും തങ്ങൾ ഇനിയും പൂക്കളം ഇടുമെന്നും, ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതുമെന്നുമാണ് നാട്ടുകാർ പറയുന്നത് .
കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലായാണ് പൂക്കളത്തിനു സമീപം ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയിരുന്നത് . പിന്നാലെ പൂക്കളം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്ഥലത്തെത്തി . പൂക്കളം ഉടൻ മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്നും യുവാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പൂക്കളം മാറ്റില്ലെന്ന നിലപാടിൽ യുവാക്കൾ ഉറച്ചുനിന്നു. നാട്ടുകാരും ഇവർക്കൊപ്പമുണ്ട്.