ഓഫീസ് മുറിയില്‍ ബോക്‌സില്‍ പുതിയ ഉപകരണം കണ്ടെത്തിയെന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. ബോക്സില്‍ നെഫ്രോസ്‌കോപ്പുകളാണെന്ന് ഹാരിസ് പറഞ്ഞു. കേടുപാടുകള്‍ വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ അയച്ച ഉപകരമാണതെന്നും അദ്ദേഹം പറഞ്ഞു. ഒരോന്നിനും റിപ്പയറിങിനായി രണ്ടുലക്ഷം രൂപ വരുമെന്ന് കമ്പനി അറിയിച്ചപ്പോള്‍ ഉപകരണങ്ങള്‍ തിരിച്ചയച്ചതാണെന്നും ഡോക്ടര്‍ ഹാരിസ് വിശദീകരിച്ചു.
തന്റെ റൂം ഓഫീസ് റൂം ആയതിനാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അതിന്റെ താക്കോല്‍ നല്‍കിയിട്ടുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു. റൂമില്‍ സൂക്ഷിച്ചിരിക്കുന്ന റിസര്‍വ് ഉപകരണങ്ങള്‍ ആവശ്യമെങ്കില്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോകാനും ജൂനിയര്‍ ഡോക്ടര്‍മാര്‍ തന്റെ റൂമില്‍ കയറാറുണ്ടെന്നും ഹാരിസ് വ്യക്തിമാക്കി.
ഡോക്ടര്‍ ഹാരിസിനെ സംശയനിഴലില്‍ നിര്‍ത്തുന്നതായിരുന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നടത്തിയ വാര്‍ത്താ സമ്മേളനം. യുറോളജി വിഭാഗത്തില്‍നിന്ന് ഒരു ഉപകരണം കാണാതായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡോ. ഹാരിസിന്റെ മുറിയില്‍നിന്ന് ഒരു ഉപകരണം കണ്ടെത്തിയെന്നും സമീപത്തെ പെട്ടിയില്‍ ചില ബില്ലുകളുണ്ടായിരുന്നെന്നും ഡോക്ടര്‍ ജബ്ബാര്‍ പറഞ്ഞിരുന്നു.
അതേസമയം തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ഡോ. ഹാരിസ് പരാതിപ്പെട്ടിരുന്നു.