കോട്ടയം: എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കു നിയമനം നല്‍കുന്നതില്‍ ക്രൈസ്തവ മാനേജ്മെന്റുകള്‍ തടസ്സം നില്‍ക്കുന്നുവെന്ന തരത്തിലുള്ള മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും വേദനാജനകവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. തങ്ങളും സുപ്രീം കോടതിയില്‍ പോകണമെന്നാണു മന്ത്രി പറയുന്നത്. പൗരാവകാശങ്ങള്‍ നേടിയെടുക്കാനായി ഓരോ വ്യക്തിയും കോടതിയെ സമീപിക്കണമെന്നാണു നിലപാടെങ്കില്‍ ഇവിടത്തെ ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയെന്താണെന്ന് അദ്‌ദേഹം ആരാഞ്ഞു.
അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനു ക്രിസ്ത്യന്‍ മാനേജ്മെന്റ് എതിരാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം വസ്തുതകള്‍ പഠിക്കാതെയും കാര്യങ്ങള്‍ മനസ്സിലാക്കാതെയുമാണെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും പറഞ്ഞു.