ന്യൂയോര്‍ക്ക് : ലോകമെമ്പാടും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേരെ വീടിനകത്തുനിന്നുള്ള അതിക്രമങ്ങള്‍ ക്രൂരമായ കൊലപാതകത്തിലേക്ക് ഉയരുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഓരോ പത്തു മിനിറ്റിലും ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ അവരുടെ പങ്കാളിയോ കുടുംബാംഗങ്ങളിലൊരാളോ കൊല്ലപ്പെടുന്നുവെന്നതാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്ന ഏറ്റവും ഭീതിജനകമായ കണക്ക്. യു.എന്‍.ഒ.ഡി.സി യും യു.എന്‍ വിമണ്‍ വിഭാഗവും സംയുക്തമായി തയ്യാറാക്കിയ പഠനമാണ് ലോകസമൂഹത്തെ ഞെട്ടിച്ചിരിക്കുന്നത്. 117 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ വര്‍ഷം മനഃപൂര്‍വം കൊല്ലപ്പെട്ട 83,000 സ്ത്രീകളില്‍ 50,000 പേരും സ്വന്തം ബന്ധങ്ങളിലോ അടുപ്പമുള്ള വലയത്തിലോപ്പെട്ട ആളുകളാല്‍ ജീവന്‍ നഷ്ടപ്പെട്ടവരാണെന്ന് പഠനം പറയുന്നു. ഓരോ ദിവസവും ശരാശരി 137 സ്ത്രീകള്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നു. 2023 ലെ കണക്കിനേക്കാള്‍ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സംഖ്യ കുറവാണെങ്കിലും, അതത് രാജ്യങ്ങളില്‍ കണക്ക് ശേഖരണത്തിലെ വ്യത്യാസങ്ങളാണ് ഇതിന് കാരണം എന്നും യഥാര്‍ത്ഥ കൊലപാതക നിരക്ക് കുറയുന്നതായി ഇതില്‍ നിന്ന് നിഗമനം നടത്താനാവില്ലെന്നും പഠനം വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം അവരുടെ സ്വന്തം വീടാണെന്നതാണ് കണ്ടെത്തലിന്റെ രൂക്ഷത. പുരുഷന്മാരുടെ കേസുകളില്‍ 11 ശതമാനം പേരെയാണ് പങ്കാളികളോ ബന്ധുക്കളോ കൊല്ലുന്നത് എന്ന കണക്കും സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രശ്നത്തിന്റെ ഭാരം കൂടുതല്‍ തെളിയിക്കുന്നു.
ഈ അവസ്ഥ മാറ്റാന്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ് എന്ന മുന്നറിയിപ്പാണ് യു.എന്‍.ഒ.ഡി.സി ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ ബന്‍ഡോലിനോ ഉന്നയിച്ചത്. ഫെമിസൈഡ് ഒറ്റപ്പെട്ട സംഭവമല്ല, ഭീഷണികള്‍, നിയന്ത്രണം, ഓണ്‍ലൈന്‍ ഉപദ്രവം തുടങ്ങി നീണ്ടുനില്‍ക്കുന്ന അതിക്രമത്തിന്റെ തുടര്‍ച്ചയാണ് ഈ കൊലപാതകങ്ങള്‍ എന്ന് യു.എന്‍ വിമന്‍ പോളിസി ഡിവിഷന്‍ ഡയറക്ടര്‍ സാറാ ഹെന്‍ഡ്രിക്സും പറഞ്ഞു. ഡിജിറ്റല്‍ ഉപദ്രവങ്ങള്‍ യാഥാര്‍ത്ഥ ജീവിതത്തിലേക്ക് വ്യാപിച്ച് ഏറ്റവും ഭീകരാവസാനത്തിലേക്കും നയിക്കുന്നുവെന്നും ഓണ്‍ലൈന്‍-ഓഫ്ലൈന്‍ അതിക്രമങ്ങളെ ഒരുപോലെ തിരിച്ചറിയുന്ന നിയമങ്ങള്‍ രാജ്യങ്ങള്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ നിരക്ക് ഏറ്റവും കൂടുതലുള്ളത് ആഫ്രിക്കയിലാണ്. 1 ലക്ഷം സ്ത്രീകളില്‍ മൂന്നുപേര്‍ എന്ന കണക്കിലാണ് ഇത്. തെക്കും വടക്കും അമേരിക്കകളും ഓഷ്യാനിയയും പിന്നിട്ടുവന്നപ്പോള്‍ ഏഷ്യയില്‍ ഈ നിരക്ക് 0.7 ആയി രേഖപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷയും സമൂഹത്തിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങളും ആഗോളതലത്തില്‍ ഇപ്പോഴും പരിഹാരമില്ലാത്ത പ്രതിസന്ധിയായി തുടരുന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ട് വീണ്ടും ചൂണ്ടിക്കാട്ടുന്നത്.