• Sun. Apr 20th, 2025

24×7 Live News

Apdin News

ഓരോ ഫയലും ജീവൻ എടുക്കാനുള്ള അവസരമായി കാണരുത്; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്

Byadmin

Apr 17, 2025


തിരുവനന്തപുരം: ഓരോ ഫയലും ജീവൻ എടുക്കാനുള്ള അവസരമായി കാണരുതെന്നു ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം പ്രഹസനമാണെന്നും പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നു. ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിലെ വിവരങ്ങൾ പങ്കുവെച്ചാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

ആറുമാസത്തിൽ തീർപ്പാക്കണം എന്ന് നിയമം ഉണ്ടായിട്ടും മൂന്ന് വർഷമായി ഫയൽ പൂഴ്‌ത്തി വച്ചു. അതിനെ തുടർന്ന് തടഞ്ഞുവെച്ച തന്റെ പ്രമോഷൻ ഉടൻ നൽകണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു. സർക്കാരിനെതിരെ ഇതുവരെ ഒരു കേസും കൊടുത്തിട്ടില്ലെന്നും, അതിനുള്ള സാഹചര്യം ഒരുക്കരുതെന്നും എൻ പ്രശാന്ത് വ്യക്തമാക്കി.

‌‌ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കുമെതിരെ കേസെടുക്കണമെന്ന് പോസ്റ്റിൽ ആവശ്യപ്പെടുന്നു. തന്റെ ആവശ്യങ്ങൾ പരി​ഗണിക്കുംവരെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് ഒരു നിർബന്ധവുമില്ലെന്നും എൻ പ്രശാന്ത് പറയുന്നു. അഡിഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ.എ.ജയതിലകിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തികരമായ വിമർശനം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ നവംബറിലാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നത്തെ ഹിയറിങ്ങിന്റെ വിശേഷങ്ങൾ ചോദിച്ച് വന്ന അനവധി മെസേജുകൾക്കും കോളുകൾക്കും മറുപടി ഇടാൻ സാധിക്കാത്ത വിധം തിരക്കിലായിപ്പോയി. വിശദമായ കുറിപ്പിടാൻ ശ്രമിക്കാം. ഹിയറിങ്ങിൽ പറഞ്ഞതിന്റെ സാരാംശം ഇത്രയാണ്:

ആറ് മാസത്തിൽ തീർപ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്‌ത്തി വെച്ച്‌, അതിന്റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച എന്റെ പ്രമോഷൻ ഉടനടി നൽകണം.

ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്‌.

⁠ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കാതെ ഈ പ്രഹസനം ഇവിടെ അവസാനിപ്പിക്കണം.

⁠ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനൽ ഗൂഢാലോചനയും, വ്യാജരേഖ സൃഷ്ടിക്കലും, സർക്കാർ രേഖയിൽ കൃത്രിമം കാണിക്കലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുക്കണം.

ചട്ടങ്ങളും നിയമങ്ങളും സർക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവർത്തിച്ചിട്ട് “ന്നാ താൻ പോയി കേസ് കൊട്” എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഞാനിതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന്‌ ദയവായി സാഹചര്യം ഒരുക്കരുത്‌.

ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്പെൻഷൻ തിരക്കിട്ട് പിൻവലിക്കണമെന്ന് യാതൊരു നിർബന്ധവും ഇല്ല. സർക്കാർ സംവിധാനങ്ങൾക്ക്‌ പുറത്ത്‌ ശ്വാസം മുട്ടാൻ ഞാൻ ഗോപാലകൃഷ്ണനല്ല.

 



By admin