ചന്ദ്രികയും മലയാളിയും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്. അതിന് തെളിവാണ് ഈ ചിത്രം. മേലാറ്റൂരിലെ ഒരു ആധാരം എഴുത്ത് ഓഫീസില്‍ ഇപ്പോഴുമുണ്ട് ഒരു ചന്ദ്രിക കലണ്ടര്‍. ഈ വര്‍ഷത്തേയൊ കഴിഞ്ഞ വര്‍ഷത്തേതോ അല്ല അത്, 1973ലെ ചന്ദ്രിക കലണ്ടര്‍. ‘ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍’ എന്ന തലക്കെട്ടോടു കൂടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്കില്‍ ചിത്രം പങ്കുവച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍
മേലാറ്റൂരിലെ ആധാരം എഴുത്ത് ഓഫീസിന്റെ ചുമരില്‍ ഇന്നും തൂങ്ങിയിരിക്കുന്നു അര നൂറ്റാണ്ട് പഴക്കമുള്ള ചന്ദ്രിക കലണ്ടര്‍.
കാലം മാറുന്നു, തലമുറകള്‍ മാറുന്നു, എന്നാല്‍ ചില ഓര്‍മ്മകള്‍ കാലത്തിന്റെ മഹാ പ്രവാഹത്തില്‍ പോലും അപ്രത്യക്ഷമാകാറില്ല.
മേലാറ്റൂരിലെ ഡോ. നസീറലിയുടെ ആധാരം എഴുത്ത് ഓഫീസില്‍ ഇന്നും തൂങ്ങിയിരിക്കുന്നു ഒരു വിലപ്പെട്ട സ്മാരകം 1973ലെ ചന്ദ്രിക കലണ്ടര്‍.
അന്ന് മുതല്‍ ഇന്നുവരെ, അതായത് അര നൂറ്റാണ്ടിലേറെയായി, ആ കലണ്ടര്‍ ആ ഓഫീസിന്റെ ചുമരില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മഷി അല്പം മങ്ങിയിട്ടുണ്ടെങ്കിലും, പേജുകള്‍ ദ്രവിച്ചിട്ടുണ്ടെങ്കിലും ഡോ. നസീറലി അതിനെ സൂക്ഷിച്ചിരിക്കുന്നു അതീവ കരുതലോടെ. ”ഇത് വെറും കലണ്ടര്‍ അല്ല, ഒരു കാലഘട്ടത്തിന്റെ സാക്ഷിയാണ്,” എന്നാണ് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നത്.
1973 ഏപ്രില്‍ 2-ന് മേലാറ്റൂരില്‍ റജിസ്റ്റര്‍ ഓഫീസ് ആരംഭിച്ച സമയത്ത് തന്നെ, ആധാരം എഴുത്ത് ഓഫീസും പ്രവര്‍ത്തനം തുടങ്ങി. തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ സഹോദരി പുത്രനായ കുഴിക്കാടന്‍ അബ്ദുസമദും, പിതൃസഹോദരനായ അലവിക്കുട്ടിയും ചേര്‍ന്നാണ്.
ആ കാലത്ത് വീടുകളിലും കടകളിലും, ഏറ്റവും കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്ന കലണ്ടര്‍ ചന്ദ്രികയുടേതായിരുന്നു. അതിനാല്‍തന്നെ ഓഫീസ് തുറന്ന ആദ്യവര്‍ഷം തന്നെ ചന്ദ്രിക കലണ്ടര്‍ ചുമരില്‍ കയറി. ഡോ.നസീറലി ഓര്‍ത്തെടുക്കുന്നു. പിന്നീട് രണ്ടിടങ്ങളില്‍ നിന്ന് ഓഫീസ് മാറി നിലവിലെ ഓഫീസിലേക്ക് മാറിയപ്പോഴും ചന്ദ്രികയെ കൈവിട്ടില്ല.
അത് തിയ്യതി അറിയാന്‍ മാത്രം ഉപയോഗിച്ചതായിരുന്നില്ല, ദിവസങ്ങളോടൊപ്പം ജീവിതവും കാണാന്‍ അതിലൂടെ കഴിഞ്ഞിരുന്നു,
1973 മുതല്‍ ഇന്നുവരെ പ്രസിദ്ധീകരിച്ച വിവിധ വര്‍ഷങ്ങളിലെ കലണ്ടറുകള്‍ ഇന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നു. പഴയ മലയാളലിപിയുടെയും പരമ്പരാഗത രൂപകല്പനയുടെയും സൗന്ദര്യം സംരക്ഷിച്ചിരിക്കുന്ന ആ ശേഖരം, ഇന്നലെകളിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നു.
ഇന്നും ചന്ദ്രികയുടെ കലണ്ടര്‍ അവിടെ തൂങ്ങി കിടക്കുമ്പോള്‍, ഒരു പത്രത്തിന്റെ യാത്രയും, ഒരു കാലത്തിന്റെ ആത്മാവും അതിനൊപ്പം നിലകൊള്ളുന്നു.