ഓസ്ട്രേലിയയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്സണ്‍ (89)അന്തരിച്ചു. ശനിയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണ വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററും സ്ലിപ്പ് ഫീല്‍ഡറുമായിരുന്നു ഇദ്ദേഹം. 16ാംമത്തെ വയസില്‍ വിക്ടോറിയയ്ക്കെതിരേ ന്യൂ സൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.
ന്യൂ സൗത്ത് വെയില്‍സിനും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കുമായി 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുത്ത സിംപ്സണ്‍ 56.22 ശരാശരിയില്‍ 21,029 റണ്‍സ് നേടി. ഇതില്‍ 60 സെഞ്ചുറിയും 100 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു. 359 റണ്‍സ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിംഗിനൊപ്പം 349 വിക്കറ്റുകളും 383 ക്യാച്ചുകളും സ്വന്തമാക്കി.
1957 മുതല്‍ 1978 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന് വേണ്ടി 62 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചു. 46.81 ശരാശരിയില്‍ 4869 റണ്‍സ് നേടിയതില്‍ 10 സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 311 റണ്‍സ് ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ആയിരുന്നു; 1964-ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നു വന്ന പ്രകടനം. ബൗളിങ്ങില്‍ 71 വിക്കറ്റും സ്വന്തമാക്കി.
1967-ല്‍ വിരമിച്ചെങ്കിലും, 41-ാം വയസ്സില്‍ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി. 1977-ല്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെയായിരുന്നു ഈ തിരിച്ചുവരവ്. പിന്നീട് 1986 മുതല്‍ 1996 വരെ ഓസ്ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.