മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ എച്ച് ഡിഎഫ് സി, ആക്സിസ് ബാങ്ക് ഓഹരികള്‍ കുതിയ്‌ക്കുന്നു. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് എച്ച് ഡിഎഫ് സി ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദേശിച്ചതോടെയാണ് ബുധനാഴ്ച രാവിലെ നാല് ശതമാനം വരെ ഓഹരി വില ഉയര്‍ന്നു. 1864 രൂപ ആയിരുന്ന ഓഹരി രാവിലെ 60 രൂപയോളം ഉയര്‍ന്നിരുന്നു. പക്ഷെ വൈകുന്നേരം ക്ലോസ് ചെയ്യുമ്പോള്‍ നേട്ടങ്ങള്‍ കൈവിട്ട് 11 രൂപയോളം മാത്രം ഉയര്‍ന്ന് 1875 രൂപയില്‍ അവസാനിച്ചു.
ഏപ്രില്‍ 19ന് എച്ച് ഡിഎഫ് സി ബാങ്ക് അവരുടെ നാലാം സാമ്പത്തിക പാദത്തിന്റെ ഫലം പുറത്തുവിടുകയാണ്. അന്ന് തന്നെ ലാഭവീതവും പ്രഖ്യാപിക്കും.
ആക്സിസ് ബാങ്കിന്റെ ഓഹരി വില 4.33 ശതമാനമാണ് ബുധനാഴ്ച ഉയര്‍ന്നത്. 1112 രൂപയുണ്ടായിരുന്ന ഓഹരിയുടെ വില 48 രൂപ കയറി 1161 രൂപയില്‍ അവസാനിച്ചു. 200 ദിവസത്തെ ഇഎംഎ (എക്സ്പൊനന്‍ഷ്യല്‍ മൂവിംഗ് ആവറേജ്) ബ്രേക്ക് ചെയ്ത് ആക്സിസ് ബാങ്കിന്റെ ഓഹരി പുതിയ ഉയരങ്ങള്‍ തൊട്ടിരിക്കുകയാണ്. മെച്ചപ്പെട്ട സാമ്പത്തിക ഫലമാണ് ആക്സിസ് ബാങ്കിന് അനുഗ്രഹമായത്. 2024 ഡിസംബറില്‍ പുറത്തുവിട്ട ഫലമനുസരിച്ച് ലാഭം 4.2 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ബാങ്കുകളുടെ മാത്രം സൂചികയായ ബാങ്ക് നിഫ്റ്റി ഒരു ബുള്ളിഷ് കുതിപ്പിലാണ്. ബുധനാഴ്ച മാത്രം 738 പോയിന്‍റ് കയറി ബാങ്ക് നിഫ്റ്റി 53,117ല്‍ എത്തിയിരുന്നു. വരും ദിവസങ്ങളിലും ഈ കുതിപ്പ് പ്രതീക്ഷിക്കുന്നു.