ഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യും. യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിക്കുകയായിരുന്നു.
ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിര്‍ദേശം പരിശോധിക്കുക സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്റെ അധ്യക്ഷതയിലുള്ള മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹീന്ദര്‍ മോഹന്‍, നിയമവിദഗ്ധന്‍ ബി.വി. ആചാര്യ എന്നിവരടങ്ങിയ സമിതിയായിരിക്കും. സമിതി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അതുവരെ ഇംപീച്ച്‌മെന്റ് നിര്‍ദേശം പരിഗണനയില്‍ തുടരുമെന്നും ലോക്‌സഭാ സ്പീക്കര്‍ അറിയിച്ചു.
ആഭ്യന്തര അന്വേഷണത്തിനെതിരെ ജസ്റ്റിസ് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്റെ അടിസ്ഥാനത്തിനുള്ള തുടര്‍നടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ഇതിനെ തുടര്‍ന്നാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാര്‍ലമെന്റ് മുന്നോട്ട് പോകുന്നത്.