മുംബൈ: ഔറംഗസീബ് ചക്രവര്‍ത്തിക്ക് വേണ്ടി കെട്ടിയ കല്ലറ പൊളിച്ചുകളയണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫഡ് നാവിസിനോട് ആവശ്യപ്പെട്ട് തെലുങ്കാന ബിജെപി നേതാവ് ടൈഗര്‍ രാജാ സിംഗ്. ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ ചക്രവര്‍ത്തിയായിരുന്നു ഔറംഗസീബ് എന്നും രാജാ സിംഗ് പറയുന്നു.
മഹാരാഷ്‌ട്രയിലെ ഔറംഗബാദ് എന്ന സ്ഥലത്തായിരുന്നു ഈ ശവകുടീരം. ഇപ്പോള്‍ ബിജെപി സര്ക്കാര്‍ ഈ സ്ഥലത്തിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി. സ്ഥലത്തിന്റെ പേര് മാറ്റിയപ്പോഴെങ്കിലും ഈ ക്രൂരനായ ഔറംഗസീബിന്റെ ശവകുടീരവും കൂടി പൊളിച്ചുകളയാമായിരുന്നില്ലേ എന്നാണ് ടൈഗര്‍ രാജാ സിംഗ് ഫഡ് നാവിസിനോട് ചോദിക്കുന്നത്.
ശിവജി മഹാരാജിന്റെ മകന്‍ സാംബാജി മഹാരാജിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഛാവ എന്ന ഹിന്ദി സിനിമയില്‍ ഔറംഗസീബ് ചക്രവര്‍ത്തിയുടെ ക്രൂരതകളാണ് കാണിക്കുന്നത്. ചതിയിലൂടെ സാംബാജി മഹാരാജിനെ പിടിക്കുകയും 41ദിവസത്തോളം പീഢിപ്പിച്ച് കണ്ണ് ചൂഴ്ന്നെടുക്കുകയും നാവ് മുറിച്ചെടുക്കുകയും കൈകാലുകള്‍ വെട്ടി നായക്കിട്ടുകൊടുത്തിട്ടും ഹിന്ദുമതം വിട്ട് ഇസ്ലാമിലേക്ക് മതം മാറാന്‍ സാംബാജി മഹാരാജ് തയ്യാറായില്ല. ശരീരത്തിലാകെ മുറിവുകളേറ്റ് കഴുമരത്തിലെ ചങ്ങലയില്‍ ബന്ധിതനായി കഴിയുന്ന സാംബാജി മഹാരാജിന്റെ ദേഹത്താകെ ഉപ്പുതേക്കുന്നത് ഉള്‍പ്പെടെ ഔറംഗസീബ് ചക്രവര്‍ത്തിയുടെ ക്രൂരതകള്‍ കണ്ട് തിയറ്ററിലെത്തിയ മറാത്താ പ്രേക്ഷകര്‍ പൊട്ടിക്കരയുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സിനിമ കണ്ടതിന്റെ പശ്ചാത്തലത്തിലാണ് രാജാ സിംഗിന്റെ ഈ പ്രതികരണം.
പിതാവിനെ ജയിലിലാക്കുകയും, സഹോദരനെയും സഹോദരിയെയും മകനെയും കൊന്ന ക്രൂരനായ ഔറംഗസീബിന് മഹാരാഷ്‌ട്രയിലെ സാംബാജി നഗറില്‍ എന്തിനാണ് ഒരു ശവകുടീരം എന്നാണ് രാജാ സിംഗ് ചോദിക്കുന്നത്.