മുംബൈ ; ഔറംഗസേബിനെ മഹാനെന്ന് വിളിച്ച സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി മാപ്പ് പറഞ്ഞ് രംഗത്ത് . കേസെടുത്തതിനു പിന്നാലെയാണ് അബു അസ്മിയുടെ മാപ്പ് പറച്ചിൽ . തന്റെ വാക്കുകൾ വളച്ചൊടിച്ച് നിയമസഭയുടെ സമയം പാഴാക്കിയെന്നും ഇത് സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് നിരക്കുന്നതല്ലെന്നും അബു അസ്മി പറഞ്ഞു. ഔറംഗസീബിനെക്കുറിച്ച് ചരിത്രകാരന്മാരും എഴുത്തുകാരും പറഞ്ഞ അതേ കാര്യം തന്നെയാണ് താനും പറഞ്ഞതെന്നും അബു ആസ്മി പറഞ്ഞു.
‘എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. ഔറംഗസീബ് റഹ്മത്തുള്ള അലേഹിനെക്കുറിച്ച്, ചരിത്രകാരന്മാരും എഴുത്തുകാരും പറഞ്ഞ അതേ കാര്യം തന്നെയാണ് ഞാനും പറഞ്ഞത്. ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചോ, സംബാജി മഹാരാജിനെക്കുറിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും മഹാന്മാരെക്കുറിച്ചോ ഞാൻ ഒരു അവഹേളനപരമായ പരാമർശവും നടത്തിയിട്ടില്ല, പക്ഷേ എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ എന്റെ വാക്കുകൾ, എന്റെ പ്രസ്താവന പിൻവലിക്കുന്നു. ഈ വിഷയം ഒരു രാഷ്‌ട്രീയ വിഷയമാക്കി മാറ്റുകയാണ്, ഇതുമൂലം മഹാരാഷ്‌ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനം അവസാനിപ്പിക്കുന്നത് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് ദോഷം വരുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു‘ എന്നാണ് അബു അസ്മിയുടെ വാക്കുകൾ.